narendra-modi

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏഴ് കോര്‍പ്പറേറ്റ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ഭാവി കെട്ടിപ്പടുക്കാന്‍ രാജ്യം പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

സ്വാശ്രയത്വ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയും ആധുനിക സൈനിക മേഖലയുടെ വികസനവുമാണ് രാജ്യത്തിന്റെ ലക്ഷ്യം. സ്വാതന്ത്യത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ പ്രതിരോധ മേഖലയില്‍ നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍ നടന്നു. പ്രതിരോധ സാമഗ്രികളുടെ പ്രധാന ഉത്പാദക രാജ്യമായി ഇന്ത്യയെ മാറ്റാന്‍ മുരടിച്ച പഴയ നയങ്ങള്‍ക്ക് പകരം പുതിയ എകജാലക സംവിധാനം ഏര്‍പ്പെടുത്തിയതായും മോദി പറഞ്ഞു.

രാജ്യത്തെ 41 ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുകള്‍ വിഭജിച്ചാണ് ഏഴ് കോർപ്പറേറ്റ് കമ്പനികൾ രൂപീകരിച്ചത്. കര, നാവിക, വ്യോമ സേനകള്‍ക്കാവശ്യമായ ആയുധങ്ങള്‍, സേനാ വാഹനങ്ങള്‍, യന്ത്രത്തോക്കുകള്‍, വെടിയുണ്ടകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്.