ലക്‌നൗ: ഉത്തർപ്രദേശിലെ ഝാൻസി ചിർഗാവിൽ യാത്രയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടർ മറിഞ്ഞ് ഏഴു സ്ത്രീകളും നാലു കുട്ടികളും ഇൾപ്പെടെ 11 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
പാതയ്ക്ക് കുറുകെ കടന്ന കന്നുകാലിയെ ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ 30 പേർ ഉണ്ടായിരുന്നു.
മദ്ധ്യപ്രദേശിലെ പൻഡോഖറിൽനിന്ന് ഇറാച്ചിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് എസ്.പി. ശിവഹരി മീണ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.