തിരുവനന്തപുരം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കിലോയിലേറെ കഞ്ചാവുമായി ക്ഷേത്ര പൂജാരിയെ വാമനപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പിരപ്പൻകോട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ക്ഷേത്ര പൂജാരിയായ വൈശാഖ് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നതായി എക്സൈസ് അറിയിച്ചു. വൈശാഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ചെറിയ പൊതികളാക്കി കവറുകളിൽ സൂക്ഷിച്ചിരുന്ന 1.100 കിഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആറ്റിങ്ങലിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു വൈശാഖെന്ന് എക്സൈസ് പറഞ്ഞു. വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് . കഞ്ചാവ് വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു
താജുദ്ദീൻ, പി .ഡി. പ്രസാദ് , സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ, അൻസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു. വൈശാഖിനെ റിമാൻഡ് ചെയ്തു.