bava
ബ​സേ​ലി​യോ​സ് മാർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ ഒമ്പതാമത് കാതോലിക്കായും സഭാദ്ധ്യക്ഷനുമായി ഡോ. മാത്യൂസ് മാർ സേവേറിയോസ് അഭിഷിക്തനായി. ഇനി ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ എന്ന പേരിൽ അറിയപ്പെടും.

പരുമല സെമിനാരി ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധകുർബാന മദ്ധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. സഭയുടെ സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് മുഖ്യകാർമ്മികത്വം വഹിച്ചു. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും സഹോദരീസഭാ മെത്രാപ്പോലീത്തമാരും സഹകാർമ്മികരായിരുന്നു. കാതോലിക്കാ സ്ഥാനത്തേക്കും മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്കും സഭ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും ശുപാർശചെയ്ത ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ വ്യാഴാഴ്ച പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് തിരഞ്ഞെടുത്തത്.

അസോസിയേഷൻ വേദിയിൽത്തന്നെ മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ച് ചുമതലയേറ്റു. തുടർന്ന് പരുമല പള്ളിയിൽ പ്രാർത്ഥന നടത്തി. കുർബാനമദ്ധ്യേ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത വചനശുശ്രൂഷ നടത്തി. തുടർന്ന് നിയുക്ത കാതോലിക്കയിൽ നിന്ന് സമ്മതപത്രം സ്വീകരിച്ച് സഭാ പാരമ്പര്യപ്രകാരമുള്ള പേര് നൽകി അഭിഷേകം ചെയ്തു. സ്ഥാനാരോഹണ പ്രഖ്യാപനത്തിന് ശേഷം സിംഹാസനത്തിലിരുത്തി ഇദ്ദേഹം സ്ഥാനത്തിനു യോഗ്യനാകുന്നു എന്നർത്ഥമുള്ള ഓക്സിയോസ് ചൊല്ലി. പൗരാണിക സ്ഥാനവസ്ത്രങ്ങളും മാലകളും കുരിശും അംശവടിയും അദ്ദേഹത്തിനു കൈമാറി.