taliban

കാബൂൾ: മറ്റ് മതങ്ങളോടുള‌ള താലിബാന്റെ വെറുപ്പിന് നിരവധി സംഭവങ്ങൾ ഉദാഹരണമായി പറയാനുണ്ട്. ചരിത്ര ശേഷിപ്പായ ബാമിയൻ ബുദ്ധ പ്രതിമയെ ബോംബ് വച്ച് തകർത്തത് പണ്ട് നടന്ന സംഭവമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് കാബൂളിൽ നടന്നത്. കർത്തെ പ‌ർവാനിലുള‌ള ദേശ്‌മേശ് പിത ഗുരുദ്വാരയിൽ കടന്നുകയറിയ താലിബാൻ സംഘാംഗങ്ങൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

ഇന്ത്യൻ വേൾഡ് ഫോറം അദ്ധ്യക്ഷൻ പുനീത് സിംഗ് ഛന്ദോക്ക് ഇത്തരത്തിൽ നിരവധി ഫോൺ സന്ദേശങ്ങൾ തനിക്ക് കാബൂളിൽ നിന്നും വരുന്നതായി അറിയിച്ചു. വെള‌ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നിറയെ ആയുധങ്ങളുമായി താലിബാൻ സംഘം ഗുരുദ്വാരയിൽ പ്രവേശിച്ചു. ഗുരുദ്വാര അദ്ധ്യക്ഷനെ ഭീഷണിപ്പെടുത്തിയ അവ‌ർ അതിനോട് ചേർന്നുള‌ള സ്‌കൂളിലും പരിശോധന നടത്തി. ഗുരുദ്വാരയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്നവരെ ക്രൂരമായി ഉപദ്രവിച്ചെന്നും പുനീത് സിംഗ് ഛന്ദോക്ക് അറിയിച്ചു.

എം.പിയായിരുന്ന നരീന്ദർ സിംഗ് ഖൽസ ഉപയോഗിച്ചിരുന്ന മുറിയിലും താലിബാൻ പരിശോധന നടത്തി. ഗുരുദ്വാരയിൽ 20ോളം പേർ ഇപ്പോഴും തങ്ങുന്നുണ്ട്. ഇവർ ജീവനെ ഭയന്നാണ് കഴിയുന്നത്. അഫ്‌ഗാനിലെ ഹിന്ദുക്കളുടെയും സിഖ് വിശ്വാസികളുടെയും സുരക്ഷയ്‌ക്കായി ഇന്ത്യ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. താലിബാൻ ഭരണത്തിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ രണ്ടാമത്തെ അതിക്രമമാണ് ഇന്ന് നടന്നത്.

ഒക്‌ടോബർ മാസം ആദ്യവും കാബൂളിലെ ഇതേ ഗുരുദ്വാരയിൽ താലിബാൻ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.