ipla

ദുബായ്: ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം നേടി തല ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്‌സിന് ഐപിഎൽ കിരീടപോരാട്ടത്തിൽ കൊൽക്കത്ത നൈ‌റ്റ്റൈഡേഴ്‌സിനുമേൽ വിജയം. 27 റൺസിനാണ് ചെന്നൈ വിജയം കരസ്ഥമാക്കിയത്. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ വിജയം ചെന്നൈയുടെ നാലാമത് കിരീടനേട്ടമായി മാറി.

20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസ് നേടിയ ചെന്നൈ ഉയർത്തിയ ലക്ഷ്യം കൊൽക്കത്തയ്‌ക്ക് മറികടക്കാനായില്ല. ഒൻപത് വിക്ക‌റ്റ് നഷ്‌ടപ്പെട്ട് 27 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

ആദ്യം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നായകൻ ഇയാൻ മോർഗന്റെ തീരുമാനം പാളിയ സൂചനയായി ചെന്നൈ ഓപ്പണർമാരുടെ പ്രകടനം. ഋതുരാജ് ഗെയ്‌ക്വാദും, ഫാഫ് ഡു പ്‌ളെസിയും മികച്ച രീതിയിൽ ബാറ്റ് ചെയ്‌തതോടെ കൊൽക്കത്ത ബൗളർമാർ വിയർത്തു.

സ്‌കോർ 61ൽ നിൽക്കെ ഋതുരാജ് (27 പന്തിൽ 32) പുറത്തായി. സുനിൽ നരൈനായിരുന്നു വിക്കറ്റ്. എന്നാൽ പിന്നീടെത്തിയ ഉത്തപ്പയോടൊപ്പം ഡു പ്ളെസി തകർത്താടി. 59 പന്തിൽ 86 റൺസാണ് ഡു പ്ളെസി നേടിയത്. മൂന്ന് സിക്‌സുകളോടെ 15 പന്തുകളിൽ 31 റൺസാണ് ഉത്തപ്പ നേടിയത്. നരൈന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഉത്തപ്പ പുറത്തായതോടെ എത്തിയ മൊയിൻ അലി 20 പന്തുകളിൽ 37 റൺസ് നേടി മികച്ച സ്‌കോർ ചെന്നൈയ്‌ക്ക് സമ്മാനിച്ചു.

ipl

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. അർദ്ധസെഞ്ചുറികൾ നേടി ശുഭ്‌മാൻ ഗില്ലും(43 പന്തിൽ 51), വെങ്കിടേഷ് അയ്യർ(32 പന്തിൽ 50) എന്നിവർ കൊൽക്കത്തയുടെ വിജയലക്ഷ്യം ചെറുതെന്ന് തോന്നിപ്പിച്ചു. എന്നാൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയയുടനെ ടീം സ്‌കോർ 91ൽ നിൽക്കെ അയ്യർ പുറത്തായി. പിന്നീടെത്തിയ നിതീഷ് റാണ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. ഡൽഹിക്കെതിരായ മത്സരത്തിലേത് പോലെ സുനിൽ നരൈൻ(2), നായകൻ ഇയൻ മോർഗൻ(4),ദിനേശ് കാർത്തിക്(9), ഷാകിബ് അൽ ഹസൻ(0) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.

രാഹുൽ ത്രിപാഠി (2) വേഗം പുറത്തായി. പിന്നീട് ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ ശിവം മാവിയും (13 പന്തിൽ 20), ലൂക്കി ഫെർഗൂസനും (11 പന്തിൽ 18) കഠിനമായി ശ്രമിച്ചെങ്കിലും മത്സരം തീരുന്നതിന് തൊട്ടുമുൻപ് മാവി പുറത്തായി. അതോടെ കൊൽക്കത്തയുടെ പോരാട്ടവും അവസാനിച്ചു.