ഹിരണ്യകശിപുവിന്റെ ശാപം
ബ്രഹ്മാവിന്റെ മാനസപുത്രനായ മരീചിക്ക് ഊർജ എന്ന ഭാര്യയിൽ ആറു പുത്രന്മാർ ജനിച്ചു. ഒരിക്കൽ ഇവർ ബ്രഹ്മാവിനെ നോക്കിയിട്ട് 'പുത്രിയെ വിവാഹം കഴിച്ച മാന്യൻ" എന്നു പറഞ്ഞ് കളിയാക്കി. (പുത്രിയായ സരസ്വതിയെ ആണല്ലോ ബ്രഹ്മാവ് വിവാഹം ചെയ്തത്). കൊച്ചുമക്കളുടെ ഈ പരിഹാസം ബ്രഹ്മാവിനെ ക്ഷുഭിതനാക്കി. ''നിങ്ങൾ ആറുപേരും അസുരന്മാരായി ഭൂമിയിൽ ജനിക്കട്ടെ."" എന്ന് ബ്രഹ്മാവ് ശപിച്ചു. ബ്രഹ്മശാപ പ്രകാരം ആദ്യം കാലനേമി എന്ന അസുരന്റെ പുത്രന്മാരായി ഇവർ ജനിച്ചു. അടുത്ത ജന്മത്തിൽ ഇവർ ആറുപേരും ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിച്ചു. അസുരന്മാരായി ജനിച്ചെങ്കിലും അസുരഭാവങ്ങളൊന്നും പ്രകടിപ്പിക്കാതെ ജീവിച്ചതിനാൽ ബ്രഹ്മാവിന് ഇവരോട് അതിയായ താത്പര്യമുണ്ടായി. ഇവരുടെ മുമ്പാകെ വന്ന ബ്രഹ്മാവ് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടു. ''ഞങ്ങളെ ആരും വധിക്കരുത്" എന്ന വരം അവർ ആവശ്യപ്പെട്ടു. ''അങ്ങനെ തന്നെ""എന്ന് അനുഗ്രഹിച്ചശേഷം ബ്രഹ്മാവ് മറഞ്ഞു. പിതാവിനോട് ആലോചിക്കാതെ ഇവർ ബ്രഹ്മാവിൽ നിന്നും വരം വാങ്ങിയത് ഹിരണ്യകശിപുവിനെ ചൊടിപ്പിച്ചു. ഇവർക്ക് മരണം ഇല്ലാതായതിനാൽ ''പാതാളത്തിൽ പോയി വർഷങ്ങളോളം ഉറങ്ങിപ്പോകട്ടെ" എന്ന് ഹിരണ്യകശിപു ഇവരെ ശപിച്ചു. ശാപം ശ്രവിച്ച പുത്രന്മാർ പിതാവിനോട് ശാപമോക്ഷമിരന്നു. അനേകവർഷങ്ങൾക്കുശേഷം ദ്വാപരയുഗത്തിൽ നിങ്ങൾ വസുദേവ ദേവകിമാരുടെ പുത്രന്മാരായി ജനിക്കുമെന്നും ജനിക്കുമ്പോൾതന്നെ നിങ്ങളുടെ ആദി പിതാവായ കാലനേമിയുടെ പുനർജന്മമായ കംസൻ നിങ്ങളെ നിലത്തടിച്ചു കൊല്ലുമ്പോൾ നിങ്ങൾക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്ന് ശാപമോക്ഷവും കൊടുത്തു. ഇതു പ്രകാരം ഇവർ ആറുപേരും ശ്രീകൃഷ്ണന് മുമ്പായി ദേവകിക്ക് ജനിക്കുകയും ആറുപേരെയും കാലനേമിയുടെ പുനർജന്മമായ കംസൻ നിലത്തടിച്ചു കൊല്ലുകയും ചെയ്തു.
(തുടരും )
(ലേഖകന്റെ ഫോൺ: 9447750159)