tapsee-pannu-

ന്യൂഡൽഹി: തപ്സി പന്നുവിന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റ് ഒ ടി ടി പ്ളാറ്റ്ഫോമായ സീ 5ൽ ഇന്നലെ പ്രദർശനത്തിന് എത്തി. എന്നാൽ ഇതിനു ശേഷം കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് കമന്റുകളാണ് താരം സാമൂഹിക മാദ്ധ്യമങ്ങളിൽ നേരിടുന്നത്. ഹൈപ്പറാൻഡ്രോജെനിസം ബാധിച്ചതിനാൽ കായിക രംഗത്ത് നിന്ന് നിരവധി അപമാനങ്ങൾ നേരിടുന്ന ഒരു വനിതാ അത്‌ലറ്റിനെയാണ് തപ്സി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശരീരത്തിലെ ഹോർമോണിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈപ്പറാൻഡ്രോജെനിസം. ചിത്രത്തിനു വേണ്ടി നല്ല രീതിയിൽ വർക്കൗട്ട് ചെയ്ത തപ്സി ഒരു കായികതാരത്തിനു വേണ്ട രീതിയിൽ തന്റെ ശരീരത്തെ മാറ്റിയെടുത്തിരുന്നു.

എന്നാൽ ഈയൊരു മാറ്റത്തെച്ചൊല്ലിയാണ് ഇപ്പോൾ തപ്സിക്കു നേരെ വരുന്ന ട്രോളുകളിൽ ഭൂരിപക്ഷവും. തപ്സി പെണ്ണല്ല, മറിച്ച് വേഷം മാറിയ ആണാണ് എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്. എന്നാൽ ഇത്തരം കമന്റുകൾ താൻ ചിത്രത്തിനു വേണ്ടി എടുത്ത കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമാണെന്ന് തപ്സി പന്നു പ്രതികരിച്ചു.

കഴിഞ്ഞ മാസം ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയ സമയത്തും സമാന രീതിയിൽ തപ്സിയുടെ ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തിരുന്നു. ഇത് ഒരു ആണിന്റെ ശരീരമാണെന്നും തപ്സി ട്രാൻസ്ജെൻഡർ ആണെന്ന് അർത്ഥം വരുന്ന രീതിയിലുമായിരുന്നു അന്നത്തെ ട്വീറ്റ്. ആ ട്വീറ്റിനു മറുപടിയായി കൈയടിക്കുന്ന ഇമോട്ടിക്കോൺ ട്വീറ്റ് ചെയ്ത തപ്സി സിനിമ റിലീസ് ആകുന്നതു വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

പി ടി ഉഷയ്ക്ക് ശേഷം ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമായ ദ്യുതി ചന്ദിന്റെ ജീവിതകഥ ആസ്പദമാക്കിയാണ് രശ്മി റോക്കറ്റ് നിർമിച്ചിരിക്കുന്നത്.