തൃശ്ശൂർ: ഡ്രൈവിംഗ് ടെസ്റ്റിന് തിയതി ലഭിക്കാൻ വൈകിയതിനാൽ പ്രതിഷേധിച്ച് യുവാവ് ഡ്രൈംവിഗ് സ്‌കൂളിന്റെ കാറുകൾ അടിച്ചുതകർത്തു. തൃശൂർ കൊഴുക്കുള്ളിയിലെ ഗൗരി നന്ദ ഡ്രൈവിംഗ് സ്‌കൂൾ ഉടമ അനിലന്റെ വീട്ടിൽ അർദ്ധരാത്രിയായിരുന്നു അക്രമം നടന്നത്.
മുടിക്കോട് സ്വദേശിയായ യുവാവും, രണ്ടു സുഹൃത്തുക്കളും അനിലന്റെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഫിഷ് ടാങ്ക് അടിച്ചുതകർത്ത ശേഷം വാതിലിൽ ഇടിച്ച് ബഹളമുണ്ടാക്കി, കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു കാറുകളും അടിച്ചുതകർക്കുകയായിരുന്നു. വീടിനകത്തേയ്ക്കു കയറാനുള്ള ശ്രമം കുടുംബാംഗങ്ങൾ തടഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകാർ നഗരത്തിൽ പ്രതിഷേധിച്ചു.അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, ബി.എം.എസ് സംഘടനകൾ തൃശൂർ തെക്കേഗോപുരനടയിൽ പ്രതിഷേധിക്കുകയായിരുന്നു. അക്രമികളെ മണ്ണുത്തി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊവിഡ് കാലത്ത് ടെസ്റ്റിന് അപേക്ഷ നൽകിയവർക്ക് പുതിയ തിയതി അനുവദിച്ചിട്ടില്ലെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ സംഘടന പറയുന്നത്.ഇതിന്റെ പേരിൽ ആളുകളും ഡ്രൈവിംഗ് സ്‌കൂൾ അധികൃതരും തമ്മിൽ വാക്കേറ്റം പതിവാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഇടപെടണമെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ആവശ്യപ്പെട്ടു.