തിരുവനന്തപുരം: അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച സിനിമയായും ജോണ്‍ സാമുവലിന്റെ 'അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ' മികച്ച ചലച്ചിത്ര ലേഖനമായും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയിലേയും ഗാനം ആലപ്പിച്ച നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരം നൽകും.
ജയസൂര്യയെ കൂടാതെ ബിജു മേനോൻ, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരത്തിന്റെ അവസാന റൗണ്ടിൽ മത്സരിച്ചത്. തീയറ്ററുകളിലും ഒ ടി ടി പ്ലാറ്റ് ഫോമുകളിലുമായി റിലീസ് ചെയ്ത് ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയ്ക്കായി വന്നത്.
നടിയും സംവിധായികയുമായി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്. കന്നഡ സംവിധായകൻ പി ശേഷാദ്രി, സംവിധായകൻ ഭദ്രൻ, ഛായാഗ്രാഹകൻ സി കെ മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങളായിരുന്നു.
മറ്റ് പുരസ്കാരങ്ങൾ
മികച്ച സ്വഭാവ നടന്‍: സുധീഷ്
മികച്ച സ്വഭാവനടി: ശ്രീരേഖ
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം
മികച്ച ചിത്ര സംയോജകന്‍: മഹേഷ് നാരായണന്‍
മികച്ച പിന്നണി ഗായിക: നിത്യ മാമന്‍
മികച്ച ഗായകൻ: ഷഹബാസ് അമൻ
മികച്ച സംഗീത സംവിധായന്‍: എം ജയചന്ദ്രന്‍ (സൂഫിയും സുജാതയും)
മികച്ച ഗാനരചയിതാവ്: അൻവർ അലി
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി
മികച്ച ബാലതാരം (ആൺ): നിരഞ്ചൻ എസ്
മികച്ച ബാലതാരം (പെൺ): അരവ്യ ശർമ്മ
മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡേ
മികച്ച ഛായാഗ്രാഹകൻ: ചന്ദ്രു സെൽവരാജ്
മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ
മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്
മികച്ച വസ്ത്രാലങ്കാരം: ധന്യാ ബാലകൃഷ്ണൻ
മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ
മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പെൺ): റിയ സൈറ
മികച്ച് നൃത്ത സംവിധാനം: ലളിതാ സോബി, ബാബു സേവ്യർ
മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി