bus

തിരുവനന്തപുരം: അറബികടലിലുണ്ടായ ന്യൂനമർദ്ദത്തിന്റെ കാരണത്താൽ സംസ്ഥാനത്തുണ്ടായ മഴ കനത്ത വെള‌ളപ്പൊക്കത്തിനും പ്രളയസമാനമായ സാഹചര്യത്തിനും കാരണമായി. കോട്ടയം കൂട്ടിക്കലിൽ രണ്ട് തവണ ഉരുൾപൊട്ടി. പ്ളാപ്പള‌ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. ഇവിടെ 13 പേരെ കാണാതായതായാണ് വിവരം. ഇവരിൽ മൂന്നുപേരുടെ മൃതദേഹം ലഭിച്ചെന്നും സൂചനയുണ്ട്.

ശക്തമായ മഴ തുടരുന്ന തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പലയിടത്തും പുഴകളും തോടുകളും നിറഞ്ഞ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. മുണ്ടക്കയം ക്രോസ്‌വെ പാലം പൂർണമായും മുങ്ങി ഇവിടെ ശക്തമായ ഒഴുക്കാണ്. മുണ്ടക്കയം ടൗണിലെ ഒരുഭാഗം വെള‌ളത്തിലായി. ഇവിടെയുൾപ്പടെ കോട്ടയത്തെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുഴുവൻ സമയ ജില്ലാ-താലൂക്ക് കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്‌ടർ അറിയിച്ചു. റവന്യൂ മന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ-8606883111,9562103902,9447108954,9400006700.

road

ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് കാറിലുണ്ടായിരുന്ന പെൺകുട്ടി മരിച്ചു. കൂടെയുള‌ളവർക്കായി അന്വേഷണം തുടങ്ങി. തൃശൂരിൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ രണ്ടിഞ്ചിൽ നിന്ന് ഘട്ടംഘട്ടമായി 12 ഇഞ്ച് വരെ ഉയ‌ർത്തുമെന്നും വാഴാനി ‌ഡാമിന്റെ ഷട്ടറുകൾ 5 സെന്റീമീ‌റ്ററിൽ നിന്ന് ഘട്ടംഘട്ടമായി 10 സെന്റീമീ‌റ്റ‌ർ വരെ ഉയർത്തുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. പത്തനംതിട്ടയിൽ 2018ലെ പ്രളയസമയത്തേതിന് സമാനമായ തോതിലാണ് മഴ. മണിമലയാറും അച്ചൻകോവിലാറും നിറഞ്ഞൊഴുകുകയാണ്. പലയിടത്തും ജനങ്ങളെ മാറ്റിത്തുടങ്ങി.

rain

പൂഞ്ഞാർ ടൗണിന് സമീപം സെന്റ് മേരീസ് പള‌ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ വെള‌ളംകയറി. വെള‌ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബസിലേക്ക് വെള‌ളം കയറുകയായിരുന്നു. ബസിലെ യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള‌ളി ടൗണിലും വെള‌ളം കയറി.