padma

തിരുവനന്തപുരം: മെട്രോ നഗരങ്ങളെ പോലെ രാത്രി ജീവിതത്തിന്റെ മായക്കാഴ്‌‌ചകളിലേക്ക് തലസ്ഥാന നഗരവും കൺതുറക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ട്രാവൻകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതിയിലൂടെ. രാത്രി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

 ആദ്യഘട്ടം തുടങ്ങി

പദ്ധതിയുടെ ആദ്യഘട്ടത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി നഗരത്തിലെ 30 പൈതൃക കേന്ദ്രങ്ങളിൽ ഫസാഡ് ലൈറ്റിംഗ് സംവിധാനം ഒരുക്കും. ഇവിടങ്ങളിലൂടെ രാത്രികാലങ്ങളിൽ നടക്കാനും മായക്കാഴ്‌ചകൾ കണ്ട് വാഹനം ഓടിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ടാകും. ആദ്യ ഘട്ടത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേക്കോട്ട, എംജി റോഡ് മുതൽ വെള്ളയമ്പലം വരെയുള്ള പ്രൗഢഭംഗിയാർന്ന 19 കെട്ടിട സമുച്ചയങ്ങൾ എന്നിവ അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കും. തുടർന്ന് കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും. ഇതിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

 കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം
ആദ്യമായി ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നത് പാളയം രക്തസാക്ഷി മണ്ഡപമാണ്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇത് ഉദ്ഘാടനം ചെയ്യും. ആകെ 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിന് 35 കോടിയാണ് ചെലവിടുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് സ്‌റ്റീൽ ഇൻഡസ്ട്രീസ് കേരളയുടെ പ്രോജക്ട് ഹെ‌ഡ് സുകേഷ് പിള്ള പറഞ്ഞു. ഉത്സവ സീസണുകൾക്ക് അനുസരിച്ചായിരിക്കും ഫസാഡ് ലൈറ്റുകളുടെ തീമുകൾ നിശ്ചയിക്കുക. ഇത്തരത്തിൽ ഒന്ന് ജയ്‌പൂരിൽ അടുത്തിടെ നടപ്പാക്കിയിരുന്നു.

 സ്‌പെഷ്യൽ ബസും

ഹെറിറ്റേജ് റൈഡിനായി പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തും. നഗരത്തിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഇവ സർവീസ് നടത്തുക. ഇതിനായി കെ.എസ്.ആർ.ടി.സി ബസുകൾ വിട്ടുനിൽകും.

 രണ്ടാംഘട്ടം ഇങ്ങനെ

ജില്ലയിലെ ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണമാണ് ഈ ഘട്ടത്തിൽ നടപ്പാക്കുക. ആറ്റിങ്ങൽ കൊട്ടാരം, ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കുകയും സെക്രട്ടേറിയേറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യും. തിരുവനന്തപുരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളെല്ലാംതന്നെ അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറുമെന്നാണ് അധികതരുടെ പ്രതീക്ഷ.

കാലപ്പഴക്കം കാരണം നാശത്തിന്റെ വക്കിലെത്തിയ ചരിത്രമുറങ്ങുന്ന കെട്ടിടങ്ങളുടെ നവീകരണമാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ആറ്റിങ്ങലിലെ കോയിക്കൽ കൊട്ടാരം, 150 വർഷം പഴക്കമുള്ള അനന്ത വിലാസം കൊട്ടാരം, 1839ൽ നിർമ്മിച്ച രംഗവിലാസം കൊട്ടാരം, പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള സുന്ദര വിലാസം കൊട്ടാരം എന്നിവയും നവീകരിക്കും.

 കായൽ ടൂറിസവും
ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ടിന്റെ ഭാഗമായി കഠിനംകുളം-അഞ്ചുതെങ്ങ് ടൂറിസം ഇടനാഴിയും നടപ്പാക്കുന്നുണ്ട്. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം-അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് 8.85 കോടിയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയിൽകടവ്, പുത്തൻകടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കും. വേളിയിൽ വെൽകം ആർച്ചും ഇതിന്റെ ഭാഗമായി ഒരുക്കും.

വർക്കല ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമേ പാലം, വാച്ച് ടവർ, കുളം, ഉറവയുടെ ഭാഗത്തെ നവീകരണം തുടങ്ങിവയാണു നടപ്പാക്കുന്നത്. ഇതിനു പുറമേ 2.66 കോടിയുടെ പദ്ധതികൾ വർക്കലയിൽ പൂർത്തിയായിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ പെരുമാതുറ, വർക്കല പ്രദേശങ്ങളടങ്ങുന്ന ഗ്രാമങ്ങളിലേക്ക് ഒട്ടനവധി സഞ്ചാരികൾ എത്തും. മൂന്നു കോടി രൂപയാണു പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വിനിയോഗിക്കുന്നത്. റോഡ്, കുട്ടികൾക്കുള്ള പാർക്ക്, ടിക്കറ്റ് കൗണ്ടർ, പവലിയൻ, ഇരിപ്പിടങ്ങൾ, ടോയ്ലറ്റ്, നടപ്പാത, സ്നാക്സ് ബാർ, ചുറ്റുമതിൽ, സ്റ്റേജ്, ലൈഫ് ഗാർഡ് റൂം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ. മേയ് മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കുന്ന രീതിയിൽ ആണ് നിർമ്മാണം നടക്കുന്നത്.

 തിളങ്ങുന്നത് ഇവ

* പബ്ളിക്ക് ഓഫീസ്

* ട്രിഡ

* പൊലീസ് ആസ്ഥാനം

* നേപ്പിയർ മ്യൂസിയം
* കനകക്കുന്ന് കൊട്ടാരം

* കേരള മ്യൂസിയം

* മാസ്‌കറ്റ് ഹോട്ടൽ

* പി.എം.ജി കെട്ടിടം

* സി.എസ്‌.ഐ ചർച്ച്

* എൽ.എം.എസ് വനിതാ ഹോസ്റ്റൽ

* ഫൈൻ ആർട്സ് കോളജ്

* സെൻട്രൽ ലൈബ്രറി

* ഗവൺമെന്റ് കോളജ് ഹോസ്റ്റൽ

* സി.എസ്‌.ഐ ക്രൈസ്റ്റ് ചർച്ച്

* യൂണിവേഴ്സിറ്റി കോളജ്

* യൂണിവേഴ്സിറ്റി കോളജ് സംസ്‌കൃത വിഭാഗം

* സെന്റ് ജോസഫ് കത്തീഡ്രൽ

* പാളയം ജുമാ മസ്ജിദ്

* ശ്രീ ശക്തി വിനായക ക്ഷേത്രം

* വി.ജെ.ടി ഹാൾ

* എജീസ് ഓഫീസ്

* കണ്ണിമേറ മാർക്കറ്റ്

* കിഴക്കേക്കോട്ട

* വെട്ടിമുറിച്ച കോട്ട

* ശ്രീവരാഹം കോട്ട

* സുന്ദരവിലാസം കോട്ട

* പടിഞ്ഞാറേ കോട്ട