flood

കോട്ടയം:കനത്ത മഴയെ തുടർന്ന് വ്യാപകമായി ഉരുൾപൊട്ടലും നാശനഷ്‌ടവുമുണ്ടായ കോട്ടയം ജില്ലയിൽ കരസേനയുടെയും വ്യോമസേനയുടെയും സഹായം. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താൻ സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജമായിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ സതേൺ എയർ കമാന്റിന്റെ എല്ലാ ബേസുകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സൂളൂർ എയർബേസിൽ നിന്ന് കൂടുതൽ സഹായവും ലഭിക്കുമെന്നാണ് വിവരം.

മേജർ അബിൻ പൗളിന്റെ നേതൃത്വത്തിൽ കരസേനാംഗങ്ങൾ കോട്ടയം കാഞ്ഞിരപ്പള‌ളിയിലേക്ക് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും സൈനിക സഹായത്തിന് പുറപ്പെട്ടിട്ടുണ്ട്. വായുസേന ഉദ്യോഗസ്ഥരുമായി സംസ്ഥാന സ‌ർക്കാർ ച‌ർച്ച നടത്തി സഹായം വേണ്ട പ്രദേശങ്ങളെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും.

അതേസമയം മീനച്ചിലാർ കരകവിഞ്ഞതോടെ ഈരാറ്റുപേട്ട പട്ടണത്തിലേക്ക് വെള‌ളംകയറിത്തുടങ്ങി. കൂട്ടിക്കൽ പ്ളാരപ്പള‌ളിയിൽ മൂന്നിടത്താണ് ഉരുൾപൊട്ടിയത്. ഇതിന് പുറമേ മുണ്ടക്കയം,പൊൻകുന്നം, കാഞ്ഞിരപ്പള‌ളി പട്ടണങ്ങളിലും വെള‌ളംകയറി. കൂട്ടിക്കലിൽ 13 പേരെ ഉരുൾപൊട്ടലിൽ കാണാതായി. ഇതിൽ മൂന്നുപേ‌‌ർ മരിച്ചതായി വിവരം ലഭിച്ചു. കാണാതായവരിൽ ആറ് പേർ ഒരുകുടുംബത്തിലെ അംഗങ്ങളാണ്.

മഴ പെയ്‌ത് മണ്ണ് കുതിർന്നിരിക്കുന്നതിനാൽ മിക്കയിടങ്ങളിലും മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ട്. പൂഞ്ഞാ‌ർ മുൻ എംഎൽഎയായ പി.സി ജോർജിന്റെ വീട്ടിലും വെള‌ളം കയറി. കനത്ത മഴ തുടരുന്നതിനാൽ വാഹനങ്ങളുമായി ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്‌ടർ അറിയിച്ചു.