ipl

ഐ.പി.എല്ലിൽ നാലാം കിരീടവുമായി തലയുയർത്തി ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്

പ്രായമേറുമ്പോഴും പ്രതിഭയ്ക്ക് മങ്ങലേൽക്കാതെ സൂക്ഷിക്കാൻ കഴിയുക എന്നത് അപൂർവമാണ്. കഴിഞ്ഞ രാത്രി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നാലാം തവണയും ഐ.പി.എൽ ചാമ്പ്യന്മാരാക്കി ധോണി തലയുയർത്തുമ്പോൾ ആരാധകർ തങ്ങളുടെ 'തല'വനെ വണങ്ങുന്നത് ആ അപൂർവ്വ പ്രതിഭയുടെ അപാരമായ നേതൃശേഷിക്കുള്ള അംഗീകാരമാണ്. പ്രായമേറിയവരുടെ പടയെന്ന് പലരും പരിഹസിച്ചൊരു ടീമിനെയാണ് ധോണി കിരീടമേറ്റുവാങ്ങാൻ പ്രാപ്തരാക്കിയത്. തന്റെ ബാറ്റിംഗ് ശേഷിയെക്കുറിച്ച് പുരികം ചുളിച്ചവർക്ക് മുന്നിൽ ഉത്തരമായി കിരീടം ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ധോണി. ഇതേ വേദികളിൽ ട്വന്റി-20 ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന്റെ മെന്ററായെത്തുന്ന ധോണിയിൽ നിന്ന് വിരാട് കൊഹ്‌ലിക്കും കൂട്ടർക്കും ആത്മവിശ്വാസം ഉൾക്കൊള്ളാൻ ‌ഈ കിരീടക്കാഴ്ചതന്നെ ധാരാളം.

4

ഇത് നാലാം തവണയാണ് ചെന്നൈയ്ക്ക് വേണ്ടി ധോണി ഐ.പി.എൽ കിരീടമേറ്റുവാങ്ങുന്നത്.2010ലാണ് ആദ്യ കിരീടനേട്ടം.2011ൽ ആർത്തിച്ചു.2018ലാണ് പിന്നീട് ജേതാക്കളായത്.രണ്ട് തവണ ചാമ്പ്യൻസ് ലീഗിലും ചെന്നൈ കിരീടം നേടി.

2010

ഫൈനലിൽ മുംബയ് ഇന്ത്യൻസിനെ കീഴടക്കിയത് 22 റൺസിന്

2011

ഫൈനലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 58 റൺസിന് തോൽപ്പിച്ചു

2018

സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തകർത്ത് കിരീടനേട്ടം

2021

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ വിജയം 27 റൺസിന്

ഐ.പി.എല്ലിൽ ഇതുവരെ കളിച്ച 12 സീസണുകളിൽ ഒരു തവണയൊഴികെ പ്ളേ ഓഫിലെത്തിയ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്.