തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മരണം ആറായി.
ഒമ്പത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിലാണ് ഒമ്പത് പേരെ കാണാതായത്.
കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായവരിൽ മൂന്നു പേർ മരിച്ചു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കാണാതായവരിൽ ആറ് പേർ ഒരു വീട്ടിൽ നിന്നുള്ളവരാണ്. കൂട്ടിക്കൽ സ്വദേശി മാർട്ടിന്റെ വീട്ടിലുള്ള ആറുപേരെയാണ് കാണാതായത്.
അതേസമയം ഇടുക്കി കൊക്കപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴു വീടുകൾ പൂർണമായി നശിച്ചു. എഴു പേർ മണ്ണിനടിയിലാണെന്നാണ് വിവരം. ഇതിൽ നാലുപേർ കുട്ടികളാണ്. രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്. സ്ംഭവസ്ഥലത്തേക്ക് എൻ.ഡി,ആർ,എഫ് സംഘം തിരിച്ചു ഫയഴ്‌സിന് സ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
തെക്കൻ ജില്ലകളിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശക്തമായ മഴയ്ക്കൊപ്പം തന്നെ ഉരുൾപൊട്ടലും ഉണ്ടായതോടെ കോട്ടയത്ത് വൻ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂട്ടിക്കലിൽ മൂന്ന് വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചു പോയതായാണ് വിവരം. പൂഞ്ഞാർ ബസ്റ്റോപ്പ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വ്യോമസേനയുടെ ഉൾപ്പെടെയുള്ള സഹായം കൂട്ടിക്കൽ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. പാങ്ങോട് നിന്ന് രക്ഷാപ്രവർത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേന എത്തുമെന്നാണ് മന്ത്രി വിഎൻ വാസവൻ അറിയിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനാണ് വ്യോമസേന എത്തുക. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.