കോട്ടയം: പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ ധരിപ്പിക്കാനത്തിയ മാദ്ധ്യമ പ്രവർത്തകന് വനിത എസ്.ഐയുടെ അസഭ്യവർഷം. ന്യൂസ് 18 ചാനൽ കോഴിക്കോട് റിപ്പോർട്ടർ സനോജ് സുരേന്ദ്രൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, എ.ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. അതേസമയം, വനിത എസ്.ഐയുടെ മൊഴിയിൽ സനോജിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സനോജ്, അയൽവാസിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകുന്നത് സംബന്ധിച്ച തർക്കം നേരിൽ കണ്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനിതാ എസ്.ഐ പെൺകുട്ടിയുടെ പിതാവിനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ശാരീരിക അസ്വസ്ഥതയുള്ള പിതാവിനെ സ്റ്റേഷനിൽ എത്തിക്കാനുള്ള ബുദ്ധിമുട്ട് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ സനോജ് അറിയിച്ചപ്പോൾ ഇവർ തട്ടിക്കയറുകയായിരുവെന്നും തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് സ്റ്റേഷനിലെത്തി കാര്യങ്ങൾ പറയാൻ ശ്രമിച്ചപ്പോഴും വനിതാ എസ്.ഐ മോശമായിട്ടാണ് പെരുമാറിയതെന്നും പരാതിയിലുണ്ട്. മറ്റ് പൊലീസുകാർ ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ഡ്യൂട്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ചാണ് സനോജിനെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈ.എസ്. പി.ബാബുക്കുട്ടൻ പറഞ്ഞു.