manmohan-singh

റാഞ്ചി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച ജാർഖണ്ഡ് കായിക മന്ത്രി ഹാഫിസുൽ ഹസൻ അൻസാരിയുടെ നടപടി വിവാദത്തിൽ. ജീവിച്ചിരിക്കെ സിം​ഗിന് ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുന്ന മന്ത്രിയുടെ വീഡിയോ വെെറൽ ആയിരുന്നു. അദ്ദേഹം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സിംഗ് മരിച്ചതായി പറയുന്നതായി വീഡിയോയിൽ ഉണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഒരു മിനിറ്റ് മൗനം പാലിക്കുന്നതിനെക്കുറിച്ചും അൻസാരി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടതിനു പിന്നാലെ മന്ത്രി സംഭവത്തിൽ മാപ്പ് ചോദിച്ചിട്ടുണ്ട്.

പട്വാബാദിലെ ധാംന ഫടക്കിന് സമീപം അൻസാരി വെള്ളിയാഴ്ച എ.പി.ജെ ഡോ. അബ്ദുൾ കലാം ചൗക്ക് ഉദ്ഘാടനം ചെയ്തതായി വീഡിയോയിൽ കാണാം. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇന്ന് അന്തരിച്ചു. രാജ്യത്തിന്റെ വികസനത്തിൽ അദ്ദേഹം 50 ശതമാനം സംഭാവന ചെയ്തു. മോദിജി രാജ്യത്തെ 50 വർഷം പിന്നിലേക്ക് കൊണ്ടുപോയി. എന്നാൽ മൻമോഹൻ സിംഗ് രാജ്യത്തെ 50 വർഷം മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. നമ്മൾ അദ്ദേഹത്തിനായി ഒരു മിനിറ്റ് മൗനം പാലിക്കുമെന്നും അൻസാരി പറയുകയായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ അൻസാരി സോഷ്യൽ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കാരണമാണ് ഇത് സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

कल भूलवश मैंने पूर्व प्रधानमंत्री डॉ मनमोहन सिंह जी के संबंध में एक संक्षिप्त भाषण में जो कहा है दरअसल यह सोशल मीडिया पर चलाये जा रहे भ्रामक ख़बरों की वजह से हुई है। इस संबंध में मैंने जो भाषण में कहा है उसके लिए मैं दिल से क्षमाप्रार्थी हूँ।उनके शीघ्र स्वस्थ होने की दुआ करता हूँ pic.twitter.com/rfW7quyBVM

— Hafizul Hassan (@hafizulhasan001) October 16, 2021

ബുധനാഴ്ചയാണ്​ 89കാരനായ സിം​ഗിനെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ (എ.ഐ.ഐ.എം.എസ്) പ്രവേശിപ്പിച്ചത്​. സിം​ഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും എ.ഐ.ഐ.എം.എസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാൻ ഫോ​ട്ടോഗ്രാഫറുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ എത്തിയത്​ വിവാദമായിരുന്നു.