mohan-bhagavat-rss

മുംബയ്: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് ജമ്മു കാശ്മീരിന് അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും രാഷ്ട്രീയ നേതാക്കളുടെ പോക്കറ്റിലായിരുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) മേധാവി മോഹൻ ഭഗവത്. കാശ്മീർ താഴ്‌വരയ്ക്കായി ചെയ്തതിന്റെ 80 ശതമാനവും, രാഷ്ട്രീയ നേതാക്കളുടെ പോക്കറ്റിലായിരുന്നു. അത് ജനങ്ങളിലേക്ക് എത്തുന്നില്ല. ഇപ്പോൾ, റദ്ദാക്കലിന് ശേഷം കാശ്മീർ താഴ്‌വരയിലെ ജനങ്ങൾക്ക് വികസനത്തിലേക്കും ആനുകൂല്യങ്ങളിലേക്കും നേരിട്ട് പ്രവേശനം അനുഭവപ്പെടുന്നതായും മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെ ഭഗവത് പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം, വികസനത്തിലേക്കുള്ള പാത എല്ലാവർക്കും തുറന്നുകൊടുത്തു. ഞാൻ ജമ്മു കാശ്മീർ സന്ദർശിച്ചു, നിലവിലെ സാഹചര്യം കണ്ടു. ആർട്ടിക്കിൾ 370 ന്റെ പേരിൽ, ജമ്മുവും ലഡാക്കും നേരത്തെ വിവേചനം നേരിട്ടിരുന്നു. ആ വിവേചനം ഇനി നിലനിൽക്കില്ലെന്നും ഭ​ഗവത് അഭിപ്രായപ്പെട്ടു. ഭയം വളർത്താനാണ് ഭീകരർ ജമ്മു കാശ്മീരിൽ കൊലപാതകങ്ങൾ നടത്തുന്നത്. അതിർത്തിയിൽ സെെനിക തയ്യാറെടുപ്പ് ഉയർന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി പ്രദേശത്തിന്റെ വൈകാരിക സംയോജനത്തിന് ഇപ്പോൾ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും ഭ​ഗവത് പറഞ്ഞു. മനസുകൾ ബന്ധിപ്പിക്കണം. ഒരു ഇന്ത്യക്കാരനും രാജ്യവുമായുള്ള ബന്ധം ഒരു വ്യാപാര ഇടപാടല്ല. കാശ്മീരിലെ ജനങ്ങളുടെ മനസിൽ ആ വികാരം നാം വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബയിലെ ഇസ്രയേൽ കോൺസൽ ജനറൽ കോബി ശോഷാനി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.