ഭോപാൽ: പെൺകുട്ടിയുടെ ബുർഖയും മുഖാവരണവും നീക്കം ചെയ്യാൻ നിർബന്ധിച്ച് ജനക്കൂട്ടം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇത്തരമൊരു സംഭവം നടന്നത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൾ ഹിന്ദുവാണെന്ന് സംശയിച്ചാണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ തിരിഞ്ഞത്.
ഇസ്ലാം നഗറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ രണ്ട് പേർക്കെതിരെ ഐ.പി.സി സെക്ഷൻ 151 പ്രകാരമുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവർക്ക് ഇത്തരം പ്രവൃത്തി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ ആയിരുന്നു. സംഘത്തിലെ ഒരാൾ പെൺകുട്ടിയോട് തന്റെ പ്രവൃത്തി സമുദായത്തെ അപമാനിക്കുന്നതാണെന്ന് പറയുന്നതായി വീഡിയോയിൽ കാണുന്നു. അതേസമയം ചില സ്ത്രീകൾ അവളെ മുഖം കാണിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
ഇസ്ലാം നഗറിലെത്തിയ യുവാവിനെയും പെൺകുട്ടിയെയും ചിലർ അവരെ തടയുകയും പെൺകുട്ടിയോട് ബുർഖ അഴിച്ച് മുഖം കാണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് ഹിന്ദുവും പെൺകുട്ടി മുസ്ലീമാണെന്നും ആളുകൾ വിചാരിച്ചതായി കരുതുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.