nimi-nikhil

ഇടുക്കി: തൊടുപുഴ അറക്കുളം മുന്നുങ്കവയൽ പാലത്തിൽ നിന്നും കാർ വെള്ളത്തിൽ വീണ് ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖിൽ ഉണ്ണികൃഷ്ണൻ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയൻ (28) എന്നിവരാണ് മരിച്ചത്.

ഇരുവരും കൂത്താട്ടുകുളം ആയുർവേദ ആശുപത്രിയിൽ ജീവനക്കാരായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കിട്ടിയത്.

വാഗമൺ ഭാഗത്ത് നിന്നും കാഞ്ഞാർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മലവെള്ളപാച്ചിലിൽപെടുകയായിരുന്നു. വണ്ടി ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭീത്തിയിൽ ഇടിച്ചുനിൽക്കുകയും, പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷ ഭിത്തി തകർത്ത് ഒലിച്ചുപോവുകയുമായിരിന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.