sabarimala

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി മാവേലിക്കര തട്ടാരമ്പലം കളിയിക്കൽ മഠം എൻ പരമേശ്വരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. നാലാമത്തെ നറുക്കിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് കുറവക്കോട് ഇല്ലത്ത് ശംഭു നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

പ്രത്യേക പൂജകൾക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. മേൽശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമായിരുന്നു നറുക്കെടുപ്പ് നടത്തിയത്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിയ രണ്ട് ആൺകുട്ടികളാണ് നറുക്കെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവർ മേൽനോട്ടം വഹിച്ചു.


മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒൻപതാമതായിരുന്നു പരമേശ്വരൻ നമ്പൂതിരിയെ നിർദ്ദേശിച്ചിരുന്നത്.