kollam

പത്തനംതിട്ട: മഴക്കെടുതി രൂക്ഷമായ കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സ്വന്തം സൈന്യം വീണ്ടും രംഗത്ത്. കൊല്ലത്തുനിന്ന് ഏഴ് വള്ളങ്ങളിലായി അമ്പതോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി പുലർച്ചെ അഞ്ച് മണിയോടെ പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവർത്തനം നടത്തുക.വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് മത്സ്യത്തൊഴിലാളികൾ എത്തിയത്. ഇന്നലെ തന്നെ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നു.

കേരളത്തിലെ രണ്ടുപ്രളയങ്ങളിലും സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ബഹുനില മന്ദിരങ്ങൾ പോലും മുക്കിക്കളഞ്ഞ പ്രളയ ജലത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സൈന്യംപോലും പരിമിതികൾ നേരിട്ട ഘട്ടത്തിലാണ് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണമുള്ള മത്സ്യത്തൊഴിലാളികൾ അന്നത്തെ സർക്കാരിന്റെ ആവശ്യപ്രകാരം മുന്നിട്ടിറങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളോളം ഒറ്റപ്പെട്ടുകിടന്ന നിരവധിപേരെയാണ് അവർ ജീവിതത്തിലേക്ക് തിരകെ കൊണ്ടുവന്നത്. രണ്ട് പ്രളയങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിലൂടെ ലോകം മുഴുവൻ ഇവരെ പ്രശംസകൊണ്ട് മൂടുകയായിരുന്നു.