china

വാഷിംഗ്‌ടൺ: ആയുധ മത്സരത്തിനില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും ചൈന ഇരുമ്പുമറയ്ക്കുള്ളിൽ ഒരുക്കുന്നത് മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈപ്പർസോണിക് മിസൈലുകൾ. അമേരിക്കയുടെ പക്കലുള്ള ഇത്തരം മിസൈലുകളെക്കാൾ പതിന്മടങ്ങ് ശേഷിയും കൃത്യതയും ഉള്ളതാണ് ചൈനയുടെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ചൈന ഒടുവിൽ നടത്തിയത്. വിവരം അമേരിക്കയുടെ രസഹ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും വ്യക്തമായിരുന്നില്ല. .

എന്നാലിപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തായിരിക്കുകയാണ്. അമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ ഈ മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ കഴിയും. ശബ്ദത്തിന്റെ അഞ്ച് മടങ്ങാണ് വേഗത. ആണവായുധങ്ങൾ വഹിക്കാനും കഴിയും.

ഹൈപ്പർസോണിക് ആയുധങ്ങളുടെ കാര്യത്തിൽ ചൈന കൈവരിച്ച അതിശയിപ്പിക്കുന്ന പുരോഗതി അമേരിക്കയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് ചൈന നേടിയ പുരോഗതി എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി അവർ സമ്മതിക്കുകയും ചെയ്തു. ചൈനയുടെ സൈനിക ശേഷികളെക്കുറിച്ചും മേഖലയിലും പുറത്തും പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഹൈപ്പർസോണിക് രംഗത്തുളള കഴിവുകളെക്കുറിച്ചും ഞങ്ങൾക്ക് ആശങ്കയുണ്ട് എന്നാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് പ്രസ് സെക്രട്ടറി ജോൺ കിർബി പറയുന്നത്.

ഹൈപ്പർസോണിക് സാങ്കേതിക വിദ്യയിൽ ചൈന കൈവരിക്കുന്ന നേട്ടങ്ങൾ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും പാകിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും ചൈന കൈകോർത്തിരിക്കുന്ന അവസരത്തിൽ. ഇത് മുന്നിൽ കണ്ട് ശക്തമായ കരുനീക്കങ്ങളാണ് ഇന്ത്യയും നടത്തുന്നത്. മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ ഇന്ത്യ ചെറുത്ത് തോൽപ്പിച്ചിരുന്നു. അതിർത്തിക്ക് തൊട്ടടുത്ത് കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ചൈന വിന്യസിച്ചപ്പോൾ അതേ നാണയത്തിൽ തന്നെ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു.

അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാന നൽകിയ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് ചൈനയ്ക്ക് നന്നായി ബോദ്ധ്യമുണ്ട്. ഗൽവാനിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം ധീരമായി നേരിട്ടിരുന്നു. സംഘർഷത്തിൽ നിരവധി ചൈനീസ് സൈനികർക്കാണ് ജീവഹാനി ഉണ്ടായത്. എത്ര സൈനികർക്ക് ജീവൻ നഷ്ടമായി എന്നുപറയാൻ ഇപ്പോഴും ചൈന തയ്യാറായിട്ടില്ല. ഗൽവാനിലെ തിരിച്ചടി ചൈനയ്ക്ക് ആഗോളതലത്തിൽ തന്നെ വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. അതിനുശേഷം അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോഴും ചൈനയ്ക്ക് തന്നെയായിരുന്നു തിരിച്ചടി.