rain1

തിരുവനന്തപുരം: അതിതീവ്ര മഴ കനത്ത നാശം വിതച്ച സ്ഥലങ്ങളിൽ നിന്ന് കൂടുതൽപ്പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് നടത്തിയ തെരച്ചിലിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഒരു കുഞ്ഞിന്റേത് ഉൾപ്പടെ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

rain2

കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രണ്ടു മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. കാണാതായവരുടെ പട്ടികയിൽ ഷാലറ്റ് ഉണ്ടായിരുന്നില്ല. പട്ടികയിൽ ഇല്ലാത്ത കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുകയാണ്. ഇനി കണ്ടെത്താനുള്ളതിൽ ഏറെയും കുട്ടികളെയാണ്.

rain3

കോട്ടയം കൂട്ടിക്കലില്‍ ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കൊക്കയാറില്‍ കാണാതായ എട്ട് പേരില്‍ അഞ്ചു പേരും കുട്ടികളാണ്.ഇവിടെ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ഉടൻ എത്തിക്കും.

rain4

കൊക്കയാറില്‍ നേരത്തെ ഏഴ് പേരേയാണ് കാണാതായതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ എട്ട് പേരെയാണ് കാണാതായിട്ടുള്ളത്. പെരുവന്താനത്ത് നിന്ന് ഒരാളുടെ മൃതദേഹവും കണ്ടെടുത്തു.എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ലഭ്യമല്ലാത്തത് അധികൃതരെ കുഴയ്ക്കുന്നുണ്ട്. മന്ത്രിമാരായ കെ.രാജന്‍, വി.എന്‍.വാസവന്‍, റോഷി അഗസ്റ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.

തെരച്ചിലിൽ പലരുടെയും ശരീരഭാഗങ്ങൾ മാത്രമാണ് ലഭിക്കുന്നത്.പടുകൂറ്റൻ പാറകളും മരങ്ങളും മണ്ണും അടിഞ്ഞുകൂടി കിടക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികൾ എത്തിയിട്ടുണ്ട്.

rain5

അതേസമയം, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന അറിയിപ്പ്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.