ന്യൂഡൽഹി: ഇന്ധന വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി രംഗത്തെത്തി. അച്ഛാദിൻ നൽകാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലെങ്കിലും നല്ല ദിനങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് സമ്മാനിക്കാൻ തയ്യാറാവണെമെന്ന് ആവശ്യപ്പെട്ട പാർട്ടി വക്താവ് സുധീന്ദ്ര ഭഡോറിയ സർക്കാർ പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്നില്ലെന്നും ചില മുതലാളിമാർക്ക് രാജ്യത്ത് തഴച്ചുവളരാനുള്ള അവസരം ഒരുക്കുകമാത്രമാണ് ചെയ്യുന്നതെന്നും ആരോപിച്ചു.
'പെട്രോൾ, ഡീസൽ വിലകൾ എല്ലാദിവസവും വർദ്ധിക്കുകയാണ്. രണ്ടിന്റെയും വിലകൾ ഇതിനകം സെഞ്ച്വറി നേടിക്കഴിഞ്ഞു. എൽപിജി സിലിണ്ടറുകൾ പോലും 1000 രൂപയായി. വളത്തിനും വിലകൂടി. സർക്കാർ കർഷകർക്കോ പാവപ്പെട്ടവർക്കോ സാധാരണക്കാർക്കോ ആശ്വാസം നൽകുന്നില്ല. ചില മുതലാളിമാർ മാത്രമാണ് ഇവിടെ തഴച്ചുവളരുന്നത്. അതിനാൽ ബിജെപി സർക്കാർ പൊതുജനങ്ങൾക്ക് അച്ഛാ ദിൻ കൊണ്ടുവരേണ്ടതുണ്ട്' -സുധീന്ദ്ര ഭഡോറിയ പറഞ്ഞു.
ഇന്നും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവുണ്ടായി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായുള്ള വിലക്കയറ്റത്തിൽ ജനങ്ങൾ വലയുമ്പോഴും വില പിടിച്ചുനിറുത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. വിലസ്ഥിരത കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് മാത്രമാണ് പെട്രോളിയം മന്ത്രി ഉൾപ്പടെയുള്ളവർ പറയുന്നത്. എന്നാൽ ഇത് എന്നുണ്ടാവമെന്ന് പറയാൻ ആരും തയ്യാറല്ല.
ജി എസ് ടിയുടെ പരിധിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്താൻ കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾ തയ്യാറാകാത്തതയാണ് വിലകൾ കൂടാൻ കാരണമെന്ന് പതിവുപല്ലവിയാണ് കേന്ദ്രസർക്കാർ ഇപ്പോഴും പറയുന്നത്. എന്നാൽ ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെട്ട പാചക വാതകത്തിന്റെ വില കൂടുന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ സർക്കാർ തയ്യാറാവുന്നുമില്ല. പാവപ്പെട്ടവരെ പിഴിഞ്ഞ് കുത്തക ഭീമന്മാരുടെ കീശ വീർപ്പിക്കാനാണ് സർക്കാർ ശ്രമമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ആഗോള വിപണിയിൽ എണ്ണവില താഴുമ്പോൾ വില കുറയ്ക്കാൻ തയ്യാറാകാത്ത എണ്ണകമ്പനികളെ സർക്കാർ ന്യായീകരിക്കുന്നത് ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എണ്ണകമ്പനികൾക്ക് വില നിർണയിക്കുവാനുള്ള അവകാശം യു പി എ സർക്കാർ നൽകിയത് മുതൽ ശക്തമായി എതിർപ്പ് ഉന്നയിച്ചിരുന്ന ബി ജെ പി അധികാരം ലഭിച്ച് സർക്കാർ രൂപീകരിച്ചിട്ടും എണ്ണയിലെ കൊള്ളയടി തുടരാൻ എണ്ണകമ്പനികൾക്ക് അധികാരം നൽകുകയായിരുന്നു. ഇതിന് പുറമേ സെസുകളുടെ ഭാരം കൂടി പെട്രോളിലും ഡീസലിലും അടിച്ചേൽപ്പിച്ചതോടെയാണ് രാജ്യത്ത് എണ്ണവില റെക്കാഡിലേക്ക് ഉയർന്നത്. എണ്ണവില കൂടിയതോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. കൊവിഡ് മൂലം വരുമാനം നിലച്ച ജനങ്ങൾക്ക് വിലക്കയറ്റം കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.