road

മലപ്പുറം: മത്സ്യബന്ധന വള‌ളം മറിഞ്ഞ് നാല് ദിവസം മുൻപ് കാണാതായ മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ വേണ്ടത്രയില്ലെന്ന് ആരോപിച്ച് മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിച്ചു. മുഹമ്മദലി, ബീരാൻ, ഇബ്രാഹീം എന്നീ മത്സ്യ തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊന്നാനിയിൽ കോഴിക്കോട്-തൃശൂർ തീരദേശ റോഡ് ഉപരോധിച്ചത്.

കാണാതായത് മുതൽ മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും മൂവരെയും കണ്ടെത്താനായില്ല. ഇതോടെ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്ന് ആരോപിച്ചാണ് മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിച്ചത്.

എന്നാൽ നേവിയും കോസ്‌റ്റ്‌ഗാർഡും കപ്പലും ഹെലികോപ്‌റ്ററും ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ടെന്നും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിരച്ചിൽ വ്യാപിപ്പിച്ചെന്നും ഫിഷറീസ് അധികൃതർ അറിയിച്ചതോടെയാണ് മത്സ്യ തൊഴിലാളികൾ സമരം നിർത്തിയത്.