ship

ന്യൂഡൽഹി: കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ ഭയപ്പെടുത്തി ഇന്ധന പ്രതിസന്ധിയും. ജനുവരി മാസം വരെ ഉപയോഗിക്കാനുള‌ള ഇന്ധനം മാത്രമാണ് രാജ്യത്തുള‌ളതെന്ന് ശ്രീലങ്കൻ ഊർജമന്ത്രി ഉ‌ദയ ഗമ്മൻപില അറിയിച്ചു. അടിയന്തരമായി 500 മില്യൺ അമേരിക്കൻ ഡോളർ വായ്‌പ അനുവദിക്കണമെന്ന് ദ്വീപരാഷ്‌ട്രം ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സിലോൺ പെട്രോളിയം കോർപറേഷൻ സർക്കാർ നിയന്ത്രണത്തിലെ ബാങ്കുകൾക്ക് 330 കോടി രൂപയാണ് കുടിശിക നൽകാനുള‌ളത്. 500 മില്യൺ അമേരിക്കൻ ഡോള‌ർ വേണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വഴിയാണ് ശ്രീലങ്കൻ സർക്കാർ ആവശ്യപ്പെട്ടത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്നാണ് ശ്രീലങ്ക അവകാശപ്പെടുന്നത്. പെട്രോളും ഡീസലും വാങ്ങാൻ വായ്‌പ സംഘടിപ്പിക്കാനാണ് ശ്രമം.

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് ഇന്ത്യയെപ്പോലെ ശ്രീലങ്കയ്‌ക്കും ഭീഷണിയാണ്. കടുത്ത സമ്മർദ്ദത്തിലാണ് ഇതിനാൽ ശ്രീലങ്ക. കൊവിഡ് മൂലമുള‌ള സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ പ്രധാന വരുമാന മാർഗമായ ടൂറിസത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതിൽ വലിയ തടസമാണ്. 2020ൽ 3.6 ശതമാനം കുറവാണ് ശ്രീലങ്കയുടെ ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ കുറവ്. ഇതുമൂലം ശ്രീലങ്കൻ നാണയത്തിന് ഡോളറുമായി വിനിമയത്തിൽ വൻ ഇടിവുണ്ടായതും ദ്വീപ് രാഷ്‌ട്രത്തിലെ പ്രതിസന്ധിയ്‌ക്ക് കാരണമാണ്.