vn-sudakaran

ബംഗളൂരു: തമിഴ്​നാട്ടിൽ അനധികൃത സ്വത്ത്​ സമ്പാദന കേസിൽ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ്​ ശശികലക്കൊപ്പം ജയിൽ ശിക്ഷ വിധിച്ച അടുത്ത ബന്ധു വി.എൻ. സുധാകരൻ ജയിൽ മോചിതനായി. നാലു​വർഷത്തെ ജയിൽ വാസത്തിന്​ ശേഷമാണിത്.

ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു സുധാകരൻ. ഇന്നലെ ചെന്നൈയിലെത്തി.

അവിഹിത സ്വത്ത്​ സമ്പാദനകേസിൽ ഏറ്റവും ഒടുവിൽ ജയിൽ മോചിതനാകുന്ന വ്യക്തിയാണ്​ സുധാകരൻ. ശശികലയ്ക്ക്​ പുറമെ ബന്ധുവായ ഇളവരശിയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

2021 ജനുവരി 27നായിരുന്നു ശശികല ജയിൽ മോചിതയായത്​. ഇളവരശി ഫെബ്രുവരി അഞ്ചിനും. ഇരുവരും 10 കോടി രൂപ വീതം പിഴ​ അടയ്ക്കുകയും ചെയ്​തിരുന്നു. പിഴ അടയ്ക്കാൻ കഴിയാതെ വന്നതോടെ സുധാകരൻ ജയിലിൽ തന്നെ കഴിയുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി.

ശനിയാഴ്ച മറീന ബീച്ചിലെ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയിൽ ശശികല കണ്ണീരോടെ ആദരാജ്ഞലികളർപിച്ചിരുന്നു. ജയിൽമോചിതയായ ശേഷം ഇതാദ്യമായാണ്​ ജയലളിതയുടെ സഹായിയായി വർത്തിച്ചിരുന്ന വി.കെ ശശികല മറീന ബീച്ചിലെത്തിയത്.