modi-pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ അധികാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചു. കേരളത്തിൽ കനത്ത മഴയും ഉരുൾപൊട്ടലും മൂലം ചിലർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

It is saddening that some people have lost their lives due to heavy rains and landslides in Kerala. Condolences to the bereaved families.

— Narendra Modi (@narendramodi) October 17, 2021

അതേസമയം പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അതിതീവ്രമഴയും ഉരുൾപൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.