josaph

കാസർകോട്: നടക്കാൻ കഴിയാതെ അവശനായി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി തളർന്നിരുന്ന ജോസഫിന് തണലേകി പൊലീസുകാർ. ബന്ധുക്കൾ ആരുമില്ലെന്നും ഈ നാട്ടിൽ എനിക്ക് ആരുമില്ലെന്നും ദിവസങ്ങളായി ഭക്ഷണം കഴിച്ചില്ലെന്നും ജോസഫ് പറഞ്ഞപ്പോൾ ജി.ഡി. ചാർജ് ഉണ്ടായിരുന്ന എ.എസ്.ഐ പ്രേമരാജൻ മെസിൽ നിന്ന് ഭക്ഷണം എത്തിച്ചു കൊടുത്തു. വിശപ്പ് മാറിയപ്പോൾ ജോസഫ് പറഞ്ഞു.

'സാർ, ഞാൻ പതിനാറാം വയസിൽ മൂവാറ്റുപുഴയിൽ നിന്ന് നാടുവിട്ടതാണ് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട് എന്ന് പറയാൻ ഒരു കുടിൽ മാത്രമായിരുന്നു. വേറെ ബന്ധുക്കൾ ആരും ഇല്ല. എന്നെ ഏതെങ്കിലും ആശസദനത്തിൽ എത്തിക്കുമോ ? 5 ദിവസമായി കാസർകോട് എത്തിയിട്ട്. റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു ഇത്രയും നാൾ. ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങളായി. കാലിനു തീരെ വയ്യ, നടക്കാൻ പ്രയാസമാണ് എന്നെ സഹായിക്കണം..' ജോസഫിന്റെ കദനകഥ കേട്ടതോടെ മനസലിഞ്ഞ എ.എസ്.ഐ ഉടനെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ മധു കാരക്കടവത്തിനെയും, പ്രവീൺ കുമാറിനെയും വിളിച്ചു കാര്യം പറഞ്ഞു. പിന്നെ കണ്ടത് കാസർകോട് പൊലീസ് സ്റ്റേഷന്റെ സാന്ത്വന മുഖമാണ്.

എസ്.ഐ. എം.വി. വിഷ്ണു പ്രസാദിന്റെ നിർദ്ദേശനുസരണം പൊലീസുകാരായ സുരേഷ്, രതീഷ് മയിച്ച, സന്തോഷ് ചോയ്യങ്കോട്, സജിത്ത് പടന്ന, എ.ജി. പ്രദീപൻ എന്നിവർ ജോസഫിനെ പൈപ്പ് വെള്ളത്തിൽ സോപ്പ് തേച്ച് കുളിപ്പിച്ചു. പുതിയ വസ്ത്രം വാങ്ങികൊടുത്തു. ഉച്ച ഭക്ഷണം കഴിപ്പിച്ച് പുതിയ മനുഷ്യൻ ആക്കിയശേഷം പൊലീസ് വാഹനത്തിൽ തന്നെ അമ്പലത്തറ സ്‌നേഹാലയത്തിൽ എത്തിച്ചു. ആരോരുമില്ലാതെ അലഞ്ഞിരുന്ന ജോസഫിന് സന്തോഷമായി. പൊലീസുകാർ ഒന്നടങ്കം കാരുണ്യ പ്രവർത്തി ചെയ്തതിന്റെ ഹാപ്പിയിലുമായി.