തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 35 പേർ മരിച്ചെന്ന് സര്‍ക്കാർ വ്യക്തമാക്കി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.
അതേസമയം ന്യൂനമർദ്ദം ദുർബലമായതിനെതുടർന്ന് സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച മുതൽ നാലുദിവസം മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 21 നു 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ തിരുവനന്തപുരത്ത് കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. ഇവര്‍ കുടുംബസമേതം പൊന്മുടിയില്‍ വന്നതായിരുന്നു. എന്നാല്‍ പൊന്മുടി അടച്ചതിനാല്‍ കല്ലാറിനടുത്ത് കുളിക്കാന്‍ ഇറങ്ങവേ അപകടത്തില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.