തിരുവനന്തപുരം : കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ നേമം സോണൽ ഓഫീസിലെ വനിതാ ജീവനക്കാരി അറസ്റ്റിലായി. നേമം സോണൽ ഓഫീസിലെ കാഷ്യർ സുനിതയെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ബിനുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പൊലീസ് അറസ്റ്ര് ചെയ്തതിന് പിന്നാലെയാണ് സുനിതയുടെ അറസ്റ്റ്. നികുതി വെട്ടിപ്പിൽ സുനിതയടക്കം ഏഴ് ജീവനക്കാരെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. നികുതി തട്ടിപ്പിലെ രണ്ടാം അറസ്റ്റാണിത്. കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടിലാക്കാതെ വെട്ടിക്കുകയായിരുന്നു. സൂപ്രണ്ട് എസ് ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്. ആകെ 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.