helicopter

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ ഓഗസ്‌റ്റ് മൂന്നിനുണ്ടായ അപകടത്തെ തുടർന്ന് കാണാതായ സൈനിക ഹെലികോപ്‌റ്ററിലെ സെക്കന്റ് പൈലറ്റ് ക്യാപ്‌റ്റൻ ജയന്ത് ജോഷിയുടെ മൃതദേഹം കണ്ടെത്തി. പത്താൻകോട്ടെ രഞ്‌ജിത്ത് സാഗർ ഡാമിലേക്ക് സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണാണ് അപകടമുണ്ടായത്.

അന്നുമുതൽ കര-നാവിക സേന സംയുക്തമായി നടത്തുന്ന അന്വേഷണത്തിലാണ് 75 ദിവസങ്ങൾക്ക് ശേഷം ഡാമിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വലിയ ആഴത്തിലുള‌ള ഡാമായതിനാൽ സോണാർ ഉപകരണങ്ങളുടെ സഹായത്തോടെയും പരിചയ സമ്പന്നരായ മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെ പ്രത്യേകമായി തയ്യാറാക്കിയ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം വഴിയാണ് മൃതദേഹം കണ്ടെത്തിയത്. 70 അടിയോളം താഴെയായിരുന്നു മൃതദേഹം. പത്താൻകോട്ടെ സൈനിക ആശുപത്രിയിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്.

പഞ്ചാബ്-കാശ്‌മീർ അതി‌ർത്തിയിലായാണ് ഡാം സ്ഥിതിചെയ്യുന്നത്. ഹെലികോപ്‌റ്റർ ഓടിച്ചിരുന്ന മറ്റൊരു പൈലറ്റായ ലഫ്.കേണൽ എ.എസ് ബത്തിന്റെ മൃതദേഹം ഓഗസ്‌റ്റ് 15ന് ലഭിച്ചിരുന്നു. പരിശീലന പറക്കലിനിടെയാണ് രുദ്ര വിഭാഗത്തിൽ പെട്ട ഹെലികോപ്‌റ്റർ തകർന്നുവീണത്.