തിരുവനന്തപുരം: സിൽവർലൈൻ (K-Rail) പദ്ധതിയെ യു.ഡി.എഫ് എതിർക്കുന്നത് അതിന്റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കാരണമാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. കേരളത്തിന്റെ പ്രകൃതിയുടെ പ്രത്യേകതകൾ മനസിലാക്കാതെ നടക്കുന്ന അശാസ്ത്രീയമായുള്ള വികസന പ്രവർത്തനങ്ങളുടെ ദൂഷ്യവശങ്ങൾ ഇന്ന് നമ്മൾ വീണ്ടും അനുഭവിക്കുകയാണ്. ഒന്നും രണ്ടും പ്രളയങ്ങൾ കഴിഞ്ഞപ്പോഴും നമ്മൾ പഠിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തികമായും സിൽവർ ലൈൻ ഒരു വെള്ളാനയാണ്. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 1,20,000 കോടി രൂപയാകുമെന്നാണ് പറയപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്, കൊവിഡ് ബ്രിഗേഡ് പോലും നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ എവിടുന്നാണ് കേരളം ഇത്രയും ധനസമാഹരണം നടത്തുന്നതെന്നും ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ.എസ്. ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
സിൽവർലൈൻ (K-Rail) പദ്ധതിയെ യുഡിഎഫ് എതിർക്കുന്നത് അതിന്റെ പാരിസ്ഥിതിക, സാമ്പത്തിക,സാമൂഹിക പ്രത്യാഘാതങ്ങൾ കാരണമാണ്. കേരളത്തിന്റെ പ്രകൃതിയുടെ പ്രത്യേകതകൾ മനസ്സിലാക്കാതെ നടക്കുന്ന അശാസ്ത്രീയമായുള്ള വികസന പ്രവർത്തനങ്ങളുടെ ദൂഷ്യവശങ്ങൾ ഇന്ന് നമ്മൾ വീണ്ടും അനുഭവിക്കുകയാണ്. ഒന്നും രണ്ടും പ്രളയങ്ങൾ കഴിഞ്ഞപ്പോഴും നമ്മൾ പഠിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി എമ്പാങ്ക്മെന്റുകളും പാലങ്ങളും നിർമ്മിക്കുമ്പോൾ, മലയോര മേഖലയിലും സമതലത്തിലും ഭാവിയിലുണ്ടാകാൻ പോകുന്ന അനന്തരഫലങ്ങൾ ഭയപ്പെടുത്തുന്നതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഈ പദ്ധതിക്ക് ജനങ്ങളെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു പൂർണമായ പാരിസ്ഥിതിക ആഘാത പഠനം നടത്താത്തതും വിചിത്രമാണ്.
സാമ്പത്തികമായും സിൽവർ ലൈൻ ഒരു വെള്ളാനയാണ്.65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് പദ്ധതി പൂർത്തിയാകുമ്പോൾ ഏകദേശം 1,20,000 കോടി രൂപയാകുമെന്നാണ് പറയപ്പെടുന്നത്. കടുത്ത സാമ്പത്തിക നേരിടുന്ന സമയത്ത്, കോവിഡ് ബ്രിഗേഡ് പോലും നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ എവിടുന്നാണ് കേരളം ഇത്രയും ധനസമാഹരണം നടത്തുന്നത്? എന്നുമാത്രമല്ല, സിൽവർലൈന്റെ financial projections സുതാര്യമല്ല.സർക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള മുംബൈ-അഹ്‌മദാബാദ് റൂട്ടിനെക്കാളും പാസ്സഞ്ചർ ട്രാഫിക് ഉണ്ടാകുമെന്നുള്ള അനുമാനവും വിശ്വസിക്കാൻ വയ്യ. തെറ്റായിട്ടുള്ള financial projections കാരണം ഇപ്പോൾ പറയപ്പെടുന്ന 2000 രൂപയുടെ ടിക്കറ്റിനെക്കാൾ നിരക്കുയരും. പിന്നെയെങ്ങനെയാണ് ഈ പദ്ധതി സാധാരണക്കാരന് പ്രാപ്യമാകുന്നത്?
പിന്നെ, കേരളം കാണാത്ത രീതിയിലുള്ള കുടിയൊഴുപ്പിക്കലും സ്ഥലമേറ്റെടുപ്പും വലിയ സാമൂഹിക ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വീടുകളും വ്യാപാരസ്ഥാപനങ്ങളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും എല്ലാം നിലംപരിശാകുന്ന പദ്ധതിക്കെതിരെ മലബാറിലും കൊച്ചിയിലും മധ്യതിരുവിതാംകൂറിലും പെരുകിവരുന്ന സമരങ്ങൾ ഇതിന് സാക്ഷ്യമാണ്.
കേരളത്തിലെ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എംസി റോഡ് എന്നിവിടങ്ങളിലെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി,വീതിയുള്ള റോഡുകൾ നിർമ്മിക്കുകയാണെങ്കിൽ തന്നെ റോഡിലെ തിരക്കും അപകടങ്ങളും കുറയും. അതിനുള്ള മുടക്കുമുതൽ ഇപ്പോഴുള്ളതിന്റെ പകുതിപോലുമാകില്ല.
ജനങ്ങളുമായി, പ്രതിപക്ഷമായി, വിദഗ്ധരുമായി ബന്ധപ്പെടാതെ തിരശ്ശീലയ്ക്ക് പിന്നിൽ ചിലർ എഴുതി ഉണ്ടാക്കി ഒരു പ്രോജക്ട് റിപ്പോർട്ടിന്റെ പേരിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നത് ദൂരവ്യാപകമായിട്ടുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും.
വലിയ രീതിയിൽ കുടിയൊഴിപ്പിക്കലുകൾ നടക്കാൻ പോകുന്ന മാവേലിക്കരയിലെ നൂറനാട് ഗ്രാമത്തിൽ ജനകീയ എം പി ശ്രീ കൊടുക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ രണ്ടുദിവസമായി രാപ്പകൽ സമരം നടക്കുകയാണ്. രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല സാധാരണ ജനങ്ങളും നാട്ടുകാരും എല്ലാം പങ്കെടുക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ ഞാനുമെത്തി.