cobra

വിഷപാമ്പുകൾ എത്രത്തോളം അപകടകാകളാണ് എന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് മഴകാലമാകുമ്പോ ഇവ മാളങ്ങളിൽ നിന്നും പുറത്തിറങ്ങും. പ്രളയകാലം കൂടിയായാൽ പിന്നെ പറയേണ്ട. കേരളത്തിൽ കഴി‌ഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളത്തോടൊപ്പം വീടുകളിൽ ഒഴുകിയെത്തിയവയിൽ വിഷപാമ്പുകളും ഉൾപ്പെട്ടിരുന്നു. പ്രളയത്തിനു ശേഷം വീട് വൃത്തിയാക്കുന്നതിനിടയിൽ വിഷപാമ്പുകളുടെ കടിയേറ്റ് മരണമടഞ്ഞവരും ഉണ്ട്. കേരളത്തിൽ കൂടുതലായി കണ്ടു വരുന്ന രണ്ട് തരം പാമ്പുകളെ കുറിച്ച് കൂടുതലായി അറിയാം

അണലി

ഏറ്റവും വിഷമേറിയ പാമ്പ് എന്ന് പറയുന്നത് രാജവെമ്പാലയാണ്. അത് കഴിഞ്ഞാൽ അണലിക്കാണ് ആ സ്ഥാനം. ഇന്ത്യയിൽ കണ്ടു വരുന്ന അണലിക്ക് ഇംഗ്ലീഷിൽ റസ്സൽസ് വൈപ്പർ എന്നാണ് അറിയപ്പെടുന്നത്. ആദ്യമായി ഇന്ത്യയിലെ വിവിധയിനം പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുകയും 1796ൽ അതിനെ സംബന്ധിച്ച് പുസ്തകം രചിക്കുകയും ചെയ്ത പാട്രിക്ക് റസ്സലിന്റെ സ്മരണാർത്ഥമാണ് ഈ പേരിട്ടത്. ഏഷ്യൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന അണലിക്ക് 5.5 അടി വരെ നീളം കാണാറുണ്ടെങ്കിലും 4 അടി വരെയാണ് ഇവയുടെ ശരാശരി നീളം. ലോകത്താകമാനം 66 തരം അണലികളുണ്ടെങ്കിലും ഇന്ത്യയിൽ രണ്ട് തരം അണലികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളു. ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണവ.

അണലി കടിച്ചാൽ

അണലി വിഷമേറ്റാൽ രക്തം കട്ടപിടിക്കില്ല. കടിയേറ്റ സ്ഥലത്ത് നീലനിറം, വേദന, നീര്, രക്തം പൊടിയുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ വിഷമേറ്റിട്ടുണ്ട് എന്നാണ് അർത്ഥം. ഛർദ്ദിൽ, വയറുവേദന, ക്ഷീണം, നടുവേദന, മൂത്രത്തിൽ രക്തനിറം, ശരീരവേദന, മയക്കം, കണ്ണ് ചുവക്കുക, രക്തം ഛർദ്ദിക്കുക, മൂക്കിൽ ചോര വരിക, ചുമച്ച് ചോര തുപ്പുക, പല്ലിൽ നിന്നും ചോര വരിക, പ്രഷർ കുറയുക എന്നിവയെല്ലാം അണലി കടിച്ചതിന്റെ ലക്ഷണങ്ങളാണ്.

viper

മൂർഖൻ

കരയിൽ ജീവിക്കുന്ന പാമ്പുകളിൽ ഏറ്റവും അപകടകാരികളായ പാമ്പുകളാണ് മൂർഖൻ. അക്രമവാസനതന്നെയാണ് ഇവയെ ഇത്രത്തോളം അപകടകാരികളാക്കുന്നത്. മറ്റ് പാമ്പുകളെ അപേക്ഷിച്ച് വളരെപെട്ടെന്ന് പ്രകോപിതരാകുന്നവയാണ് മൂർഖൻ പാമ്പുകൾ. ഇന്ത്യൻ ഭൂഖണ്ഡത്തിൽ മൂന്ന് തരം മൂർഖൻ പാമ്പുകളാണ് ഉള്ളത്. ഇന്ത്യൻ കോബ്ര, മോണോക്ലെഡ് കോബ്ര, കാസ്പിയൻ കോബ്രയും എന്നിവയാണ്. ഇതിൽ ഇന്ത്യൻ കോബ്ര മാത്രമാണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഇവയാണ്.
മൂർഖൻ കടിച്ചാൽ

കടിച്ച സ്ഥലത്ത് വേദന, നീര്, കുമിള, കണ്ണുകൾ അടഞ്ഞുപോകുക, ഇരട്ടക്കാഴ്ച, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, കുഴഞ്ഞ സംസാരം, നാക്ക് മരവിക്കൽ, വിയർക്കുക, ദാഹം കൂടുതലാകുക, ഛർദ്ദിൽ, വയറുവേദന, ശ്വാസം മുട്ടൽ, ബോധം പോകുക തുടങ്ങിയവയാണ് മൂർഖൻ കടിച്ചാലുള്ള ലക്ഷണങ്ങൾ.