ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്‍ണ. ഇപ്പോഴിതാ സംവിധാന രംഗത്തും ഒരു കൈ നോക്കാൻ ഒരുങ്ങിയിരിക്കുകയാണ് അഹാന. തന്റെ പിറന്നാൾ ദിനത്തിലാണ് ആദ്യ സംവിധാന സംരംഭത്തിന്റെ നടി ടൈറ്റിൽ പുറത്തുവിട്ടത്. 'തോന്നല്‍' എന്നാണ് ഈ സംരംഭത്തിന് അഹാന പേരിട്ടിരിക്കുന്നത്. 'തോന്നല്‍' ആറ് മാസത്തോളമായി തന്റെ മനസിലുണ്ടെന്നും ഇപ്പോൾ അത് പാകമായി പുറത്തുവരുന്നു എന്നും അഹാന പറയുന്നു. ഒക്ടോബർ 30ന് ആണ് റിലീസ് ചെയ്യുന്നത്. സംഗീതം ഒരുക്കിയിട്ടുള്ളത് ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവിയുമാണ്. ദ ട്രൈബ് കൺസെപ്റ്റ്‍സാണ് തന്റെ ആദ്യ സംരഭം എത്തിക്കുന്നതെന്നും അഹാന പറയുന്നു. ഷർഫുവിന്റെ ഗാനരചനയിൽ ഹനിയ നഫീസയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. 'നാൻസി റാണി', 'അടി' എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.