സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരായതിന്റെ കാരണങ്ങൾ ചികയുകയാണ് ഇപ്പോൾ സിനിമാപ്രേമികൾ. കുടുംബ ബന്ധം തകരാനുള്ള പ്രധാനകാരണങ്ങളെല്ലാം സാമന്തയുടെ ചുമലിൽ വയ്ക്കുന്നവരാണ് ഏറെയും. അമ്മയാവാൻ സാമന്ത ഒരുക്കമായിരുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ കുടുംബവുമായി ഒത്ത് പോകുന്നതിനായി രണ്ട് വമ്പൻ പ്രോജക്ടുകൾ സാമന്ത ഉപേക്ഷിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇതിൽ ഒന്ന് ഷാരൂഖ് ഖാന്റെ ലയൺ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു. സാമന്ത നോ പറഞ്ഞതോടെ നയൻതാരയെ വച്ചാണ് സിനിമയുടെ ഷൂട്ടിംഗ് മുംബയിൽ പുരോഗമിക്കുന്നത്. ആറ്റ്‌ലീയാണ് സിനിമയുടെ സംവിധായകൻ. അമ്മയാവുന്നതിനുള്ള ഒരുക്കത്തിനായിട്ടാണ് സാമന്ത സിനിമയിൽ ഇടവേള എടുക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ രണ്ടിനാണ് താരജോഡികളായ സാമന്തയും നാഗ ചൈതന്യയും പിരിയാൻ തീരുമാനിച്ചത്. ദാമ്പത്യത്തിന്റെ നാലാം വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇരുവരും മൗനം പാലിച്ചതോടെ ആരാധകരും, മാദ്ധ്യമങ്ങളും നിരവധി കാരണങ്ങൾ നിരത്തുകയായിരുന്നു. സംവിധായകൻ ആറ്റ്‌ലീയുടെ വിജയ് ചിത്രങ്ങളായ തെരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിൽ നായികയായ സാമന്തയുമായുള്ള സംവിധാകന്റെ ബന്ധമാണ് ലയണിലേക്കും സാമന്തയെ തിരഞ്ഞെടുക്കാൻ കാരണമായത്. എന്നാൽ താരം സ്വകാര്യ കാരണങ്ങളാൽ ഓഫർ നിരസിക്കുകയായിരുന്നു. ഈ വേഷം പിന്നീട് നയൻതാരയിലേക്ക് എത്തുകയായിരുന്നു.