actor-sudheesh

അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനുള്ള ബഹുമതി തേടിയെത്തിയത് മലയാള സിനിമയിലെ 'അടുത്ത വീട്ടിലെ പയ്യനായ' സുധീഷിനെയാണ്.34 വർഷം നീണ്ട സിനിമാ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ സുധീഷിന് ഹൃദയം നിറഞ്ഞ ആശംകൾ അറിയിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ആശംസകൾ നേർന്നത്. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം, എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.

കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തി പ്രാവിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. കുഞ്ചാക്കോയുടെ കുറിപ്പ് ആരാധക‌ർ ഏറ്റെടുത്തിരിക്കുകയാണ്.

"സുധീഷ് എന്ന നടൻ. നടനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമാതാവായുള്ള എന്റെ ആദ്യ സിനിമ വരെ. അനിയത്തി പ്രാവ് തുടങ്ങി അ‌ഞ്ചാം പാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ബ്ളോക്ക് ബസ്റ്ററുകളിൽ. ഒരു സഹനടൻ, അഭ്യുദയകാംഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എന്നോടൊപ്പം എന്നും ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര മേഖലയിലെ 34 വർഷം നീണ്ട സിനിമാ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്കാരം തേടിയെത്തുമ്പാൾ അദ്ദേഹത്തിന്റെ അഭിനയ മികവ് കാണുകയും അറിയുകയും ചെയ്ത മറ്റെല്ലാവരെയും പോലെ പ്രതീക്ഷിച്ചതിലും വൈകി പോയെന്ന് എനിക്കറിയാം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിലെ 'അടുത്ത വീട്ടിലെ പയ്യനായ' നടന്റെ മുമ്പൊരിക്കലും കാണാത്ത പ്രകടനത്തിനാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്. വരാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ തുടക്കം മാത്രമാണിതെന്ന് ‌ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. താങ്കൾക്കിത് സാധ്യമാക്കി തന്ന സിനിമയിലെ മുഴുവൻ പേർക്കും ആശംസകൾ അർപ്പിക്കുന്നു. മികച്ച , എന്നും ഓർമയിൽ തങ്ങുന്ന ചിത്രങ്ങളിൽ ഇനിയും നമുക്കൊന്നിക്കാം". കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.