sabarimala

പത്തനംതിട്ട: പൂർണ സംഭരണശേഷിയിലേക്ക് എത്തിയതോടെ പത്തനംതിട്ടയിലെ രണ്ട് ഡാമുകൾ തുറന്നു. കക്കി– ആനത്തോട് ഡാമും ഷോളയാർ ഡാമുമാണ് തുറന്നത്. കക്കി– ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. ഡാം തുറന്നതോടെ ആദ്യം പമ്പ-ത്രിവേണിയിലേക്കും പിന്നെ കണമല വഴി പെരുന്തേനരുവി വഴി കക്കട്ടാറിലും പിന്നെ പെരുന്നാട് കഴിഞ്ഞ് വടശ്ശേരിക്കരയിലും അവിടെ നിന്നും അപ്പർ കുട്ടനാട്ടിലേക്കും ജലമെത്തും. ഒരു മണിയോടെ പമ്പ ത്രിവേണിയിൽ ജലനിരപ്പുയരും.

കക്കി ഡാം തുറന്ന പശ്ചാത്തലത്തിൽ ചെങ്ങന്നൂരിൽ ജാഗ്രതാനിർദേശമുണ്ട്. നദീതീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കണമെന്നും അപകട സാദ്ധ്യതയുള്ളപക്ഷം ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഷോളയാർ ഡാമിൽ നിന്നുള്ള വെള്ളം വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് എത്തും.ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പത്ത് അണക്കെട്ടുകൾക്ക് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92 ശതമാനം ആണ്. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാൽ നിലവിൽ നീരൊഴുക്ക് കുറഞ്ഞെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

അണക്കെട്ടുകൾ തുറന്നെങ്കിലും ആശങ്കപ്പെടേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ആവശ്യമെങ്കിൽ എയർ ലിഫ്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും 2018- ലെ പ്രളയകാലത്ത് തുറന്നു വിട്ടതിൻ്റെ പത്തിലൊരു ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ ഡാമിൽ നിന്നും പുറത്തു വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'റവന്യൂ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും പൊലീസും ദുരന്തനിവരാണ സേനയും ജാഗ്രത പാലിക്കുന്നുണ്ട്. കക്കി ഡാം തുറന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് ഉചിതമാകില്ലെന്നും കെ.രാജൻ പറഞ്ഞു. തുലാമാസ പൂജകൾക്ക് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം ഇല്ല.

അതേസമയം, സംസ്ഥാനത്ത് മഴയ്ക്ക് ശമിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.