stomachache

വയറുവേദന പൊതുവേ,​ വയറിനകത്തോ പുറത്തെ മാംസപേശികളിലോ താൽക്കാലികമായി അനുഭവപ്പെടുന്നതോ സാവധാനം വഷളാകുന്നവയോ അടിയന്തര ഇടപെടൽ ആവശ്യമുള്ളവിധം പെട്ടെന്ന് വർദ്ധിക്കുന്നവയോ ആകാം. മലബന്ധം, ഗ്യാസ്, അമിതഭക്ഷണം, അത് കാരണമുള്ള ദഹനക്കേട്, ടെൻഷൻ, മാംസപേശികൾക്കുണ്ടാകുന്ന വലിവ് എന്നിവ കാരണമാണ് സാധാരണയായി വയറു വേദന ഉണ്ടാകുന്നത്.

പിത്താശയത്തിലുണ്ടാകുന്ന കല്ല് (ഗൾബ്ളാഡർ സ്റ്റോൺ അഥവാ കോളിലിത്തിയാസിസ് ), ഗൾബ്ലാഡറിലുണ്ടാകുന്ന വീക്കം (കോളീസിസ്റ്റൈറ്റിസ് ),​ ഗർഭം, അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺസ് ഡിസീസ്, അണുബാധ, പാൻക്രിയാറ്റൈറ്റിസ്, അപ്പന്റിസൈറ്റിസ്, അൾസർ, ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രോ ഇസോഫാജിയൽ റിഫ്ലക്‌സ് ഡിസീസ് (ജി.ഇ.ആർ.ഡി), ഹെപ്പറ്റൈറ്റിസ്, വിരകളുടെ ഉപദ്രവം, കിഡ്നി സ്റ്റോൺ, ആർത്തവ സംബന്ധമായ ചില രോഗങ്ങൾ, ഹെർണിയ, പാലും ഗോതമ്പും ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥ, അപകടം കാരണമുള്ള ക്ഷതം, വിഷാംശം കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഫുഡ് പോയിസണിംഗ് തുടങ്ങിയ അവസ്ഥകളിലും വയറുവേദന ഉണ്ടാകും.

വേദന അനുഭവപ്പെട്ടാലുടൻ ഇവയിലേതാണ് കാരണമെന്നറിയാതെ വേദനാസംഹാരികൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് തിരിച്ചറിയണം.

പ്രശ്‌നക്കാരനെ

തിരിച്ചറിയണം

പെട്ടെന്നുണ്ടാകുന്ന അതികഠിനമായ വയറുവേദനയ്ക്കൊപ്പം നെഞ്ചുവേദന, കഴുത്തുവേദന, തോൾഭാഗത്ത് വേദന, രക്തം ഛർദ്ദിക്കുക, രക്തം കലർന്ന മലം വയറിളകി പോകുക, കറുത്ത നിറത്തിലുള്ള മലം പോകുക എന്നിവകൂടി കണ്ടാൽ പെട്ടെന്നുള്ള രോഗനിർണയവും ചികിത്സയും ആവശ്യമാണ്. വയറിനോടടുത്ത ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന കുഴപ്പങ്ങളും വയറു വേദനയായി അനുഭവപ്പെടാം.

ചൂടുപിടിച്ച് വയറുവേദന കുറയ്‌ക്കുന്നവരും കോഫീ, ചായ, ചാരായം എന്നിവ കുടിച്ച് വയറുവേദന കൂട്ടുന്നവരുമുണ്ട്. ആവശ്യത്തിന് ചൂടാറ്റിയ വെള്ളം കുടിക്കുന്നത് വയറുവേദന കുറയാൻ ഒരു പരിധിവരെ നല്ലതാണ്.

വയറുവേദനയ്ക്കൊപ്പം പനി, തുടർച്ചയായ ഛർദ്ദി, ശ്വാസം കിട്ടാൻ പ്രയാസമനുഭവപ്പെടുക, ചിലപ്പോൾ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നവിധമുള്ള വേദനയുണ്ടാകുക, ഒരിടത്തുതന്നെ തുടർച്ചയായി വേദന അനുഭവപ്പെടുക എന്നിവ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

വയറുനിറഞ്ഞപോലെ ചലിപ്പിക്കാൻ പറ്റാതിരിക്കുക, വയറിന് വീക്കം തോന്നിക്കുക, തൊട്ടാൽ വേദനിക്കുക എന്നിവ ഗ്യാസ്‌ നിറഞ്ഞുള്ള ബുദ്ധിമുട്ടാകാനാണ് സാദ്ധ്യത.

വയറിന്റെ വലതുവശത്ത് താഴ്ഭാഗത്തായിട്ടുള്ള വേദന, വിശപ്പില്ലായ്‌മ, വേദന ആരംഭിക്കുമ്പോൾ തന്നെ ഓക്കാനിക്കുകയും ഛർദ്ദിക്കുകയും ചെയ്യുക, വയർ വീർത്തിരിക്കുക, കടുത്ത പനി, ഗ്യാസ്‌ പോകാതിരിക്കുക എന്നിവ അപ്പന്റിസൈറ്റിസിന്റെ ലക്ഷണമാകാം.

അക്യൂട്ട് പാൻക്രിയാറ്റൈറ്റിസിൽ നിവർന്നുനിൽക്കാൻ പോലും പ്രയാസമുള്ളവിധം വയറുവേദനയും ഭക്ഷണം കഴിച്ചാൽ വേദന വർദ്ധിക്കുകയും മുതുക് വേദനയും ചിലപ്പോർ രക്തംപോക്കുമുണ്ടാകാം.

രണ്ട് ആർത്തവ സമയത്തിനിടയ്‌ക്കുള്ള ഓവുലേഷൻ സമയത്തും വയറുവേദനയുണ്ടാകുന്നവരുണ്ട്. ഇതിൽ ഒരുവശത്ത് മാത്രമുള്ള വേദന, അടിവയർ വേദന, കാലുകളിലെ മസിലുപിടുത്തം, ഇടുപ്പ് വേദന എന്നിവയും ഉണ്ടാകാം. വെള്ളപോക്കിന്റെ അസുഖമുള്ളവർക്കും വയറെരിച്ചിലോടു കൂടിയ വേദനയുണ്ടാകാം.

കുട്ടികളിലെ

വയറുവേദന

കൃമിയുടെയോ വിരയുടെയോ ശല്യമുള്ള കുട്ടികൾക്ക് ഉഴുന്ന്, തൈര്, പായസം, മധുരം, ഐസ് ക്രീം, സിപ്പപ്പ്, തലേ ദിവസത്തെ ഭക്ഷണം എന്നിവ നിയന്ത്രിക്കണം. വിരയ്‌‌ക്കുള്ള മരുന്നുകളും കൃത്യമായ ഇടവേളകളിൽ നൽകണം. പുറത്ത് ഗ്രൗണ്ടിൽ പോയി കളിക്കുന്നവർ തിരികെ വീട്ടിൽ കയറും മുമ്പ് വൃത്തിയായി കൈകാലുകൾ കഴുകുകയും കുളിക്കുകയും വേണം. നഖങ്ങൾക്കിടയിൽ അഴുക്കിരിക്കാൻ അനുവദിക്കരുത്. നഖങ്ങൾ സമയത്ത് വെട്ടി വൃത്തിയാക്കണം. വൃത്തിയില്ലാതെ ഭക്ഷണ സാധനങ്ങളിൽ തൊടരുത്. കുടലുകൾക്ക് സംഭവിക്കുന്ന അണുബാധയും വയറുവേദനയ്‌ക്ക് കാരണമാകാറുണ്ട്.

വയറുവേദനയും

ആയുർവേദവും

രോഗനിർണ്ണയത്തിനായി രക്തപരിശോധന, മൂത്രപരിശോധന, അൾട്രാസൗണ്ട് പരിശോധന എന്നിവയും മറ്റ് രോഗപരിശോധനകൾക്കൊപ്പം നടത്തേണ്ടതുണ്ട്. താൽക്കാലിക ചികിത്സകൾ കൊണ്ട് വയറുവേദനയ്‌ക്ക് കൃത്യമായ ഗുണം കിട്ടാറില്ല. അതിനാൽ രോഗമറിയാതെ മരുന്നുപയോഗിച്ചാൽ രോഗം വർദ്ധിക്കാനിടയുണ്ട്. ഗുളിക, ചൂർണ്ണം, അരിഷ്‌ടം, ലേഹ്യം തുടങ്ങിയ മരുന്നുകളാണ് ആയുർവേദത്തിൽ വയറുവേദനയ്‌ക്ക് കൂടുതലായി ഉപയോഗിക്കുന്നത്.

ദഹനസംബന്ധമായ പ്രശ്‌നങ്ങൾ കാരണമുണ്ടാകുന്ന താൽക്കാലിക വേദനകൾപോലെ സ്ഥിരമായ വേദനകളെ കാണരുത്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ സ്ഥിരമായുള്ളവർക്ക് പോലും കൂടുതൽ നാൾ മരുന്നു കഴിച്ചു മാത്രമേ അവ പരിഹരിക്കാനാകു. ആയതിനാൽ, കാരണമറിഞ്ഞ് തന്നെ ചികിത്സ ചെയ്യണം. അല്ലാതെ വയറിന് എന്ത് വേദന വന്നാലും ഇഞ്ചിനീരും കൈയിൽ സ്റ്റോക്കുള്ള ഏതെങ്കിലുമൊക്കെ അരിഷ്‌ടവും കോളയും സോഡയും സോഡാ നാരങ്ങാവെള്ളവും കുടിച്ച് 'സ്വയം ചികിത്സ' നടത്തരുത്. അൾസർ കാരണമുള്ള വേദനയാണെങ്കിൽ അത് വർദ്ധിക്കാൻ ഇതൊക്കെത്തന്നെ മതിയാകും. ആന്തരിക രക്തസ്രാവം ( പ്രത്യേകിച്ചും കുടലിനുള്ളിൽ അൾസർ ഉള്ളവരിൽ ) വർദ്ധിപ്പിക്കുന്ന മരുന്നുകളാണ് വേദന സംഹാരികൾ എന്നതിനാൽ അവ ഒഴിവാക്കണം. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ മറ്റാരുടെയെങ്കിലും വേദന ശമിപ്പിക്കാൻ ഡോക്‌ടർ നൽകിയ മരുന്ന് കഴിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. ആർത്തവ സംബന്ധമായ വേദനയുള്ളവർ സ്ഥിരമായി ഇവ കഴിക്കുന്നവരുമുണ്ട്. അവർക്കും അൾസർ കൂടിയുണ്ടെങ്കിൽ അത് കുഴപ്പം ചെയ്യുമെന്ന് മനസിലായല്ലോ?

വീ‌ഴ്‌ച സംഭവിച്ചോ അപകടങ്ങളിൽപെട്ടോ അടിപിടികൂടിയോ വയറിന് ക്ഷതമേറ്റവർ പെട്ടെന്നുള്ള വയറുവേദന കാരണം ഡോക്‌ടറെ സമീപിക്കുമ്പോൾ നിർബന്ധമായും അവർക്ക് സംഭവിച്ച കാര്യങ്ങൾ വ്യക്തമായി ഡോക്‌ടറോട് പറയണം. അത്തരം ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ആന്തരിക രക്തസ്രാവമുള്ള രോഗിക്ക് രക്തസമ്മർദ്ദം കുറഞ്ഞ് അപകടനിലയിലേക്ക് എത്താനുള്ള സാദ്ധ്യതയും കൂടുതലാണ്.