ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും മാറ്റണമെന്നാവശ്യവുമായി സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി ആറ് മണിക്കൂർ ട്രെയിൻ തടയൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.
ലഖിംപൂർ ഖേരി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കുവാനും അജയ് മിശ്രയുടെ രാജിയിലും അറസ്റ്റിലും സമ്മർദ്ദം ചെലുത്താനുമാണ് ഒക്ടോബർ 18ന് രാജ്യവ്യാപകമായി ആറ് മണിക്കൂർ റയിൽ റോക്കോ പദ്ധതിയ്ക്ക് ആഹ്വാനം ചെയ്തതെന്ന് കർഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ 18ന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് മണി വരെ റെയിൽ ഗതാഗതം തടയണമെന്നും റെയിൽവേയ്ക്ക് യാതൊരു വിധ നാശനഷ്ടങ്ങളും വരുത്താതെ പ്രക്ഷോഭം നടത്തണമെന്നും ഘടകങ്ങളോട് ആവശ്യപ്പെട്ടതായി സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ലഖിംപൂർ ഖേരി ആക്രമണത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം കർഷകർക്കിടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് സംയുക്ത കിസാൻ മോർച്ച ആരോപിക്കുന്നത്. എന്നാൽ സംഭവസ്ഥലത്ത് തന്റെ മകൻ ഇല്ലായിരുന്നു എന്ന് അജയ് മിശ്ര പ്രതികരിച്ചിരുന്നു. ആശിഷ് മിശ്രയും സംയുക്ത കിസാൻ മോർച്ചയുടെ ആരോപണങ്ങൾ തള്ളി. ആശിഷ് മിശ്രയടക്കം മൂന്ന് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.