വീണ്ടുമൊരു മഴക്കാലം കൂടിയെത്തിയിരിക്കുകയാണ്. റോഡിൽ വാഹനം ഓടിക്കുന്നവർ ഏറ്റവും അധികം സൂക്ഷിക്കേണ്ടതും ഈ സമയമാണ്. മുമ്പ് പരിചിതമല്ലാത്ത നിരവധി വെല്ലുവിളികൾ മഴകാലത്ത് ഒരു ഡ്രൈവറിന് റോഡിൽ നേരിടേണ്ടി വന്നേക്കാം. അതിലൊന്നാണ് ഹൈഡ്രോപ്ലെയ്ൻ അഥവാ അക്ക്വാപ്ലെയ്ൻ എന്ന പ്രതിഭാസം. മഴ സമയത്ത് റോഡിലുള്ള വെള്ളം റോഡിനും ടയറിനുമിടയിൽ ഒരു പ്രതലം സൃഷ്ടിക്കുകയും തന്മൂലം വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയുമാണ് ഇവിടെ സംഭവിക്കുന്നത്.
മഴകാലത്ത് വാഹനത്തിലെ ടയറുകൾ റോഡിലുള്ള വെള്ളത്തെ തെറിപ്പിച്ച് കളയുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ വാഹനത്തിന്റെ വേഗം കൂടുന്നതനുസരിച്ചും ടയറിന്റെ കാലപ്പഴക്കം അനുസരിച്ചും ഇങ്ങനെ തെറിപ്പിച്ചു കളയുന്ന വെള്ളത്തിന്റെ അളവിൽ കുറവു വരും. ഇങ്ങനെ അമിതമായി വരുന്ന വെള്ളത്തിന്റെ കണികകൾ ടയറിനു ചുറ്റും ഒരു ആവരണമായി രൂപപ്പെടുകയും ടയറിന് റോഡിലുള്ള ഗ്രിപ്പ് നഷ്ടമാക്കുകയും ചെയ്യും. തന്മൂലം ഡ്രൈവറിന് വാഹനത്തിനു മേലുള്ള നിയന്ത്രണം നഷ്ടമാകുകയും അപകടങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു.
പലരും മഴകാലത്ത് വാഹനാപകടങ്ങൾ നടക്കുമ്പോൾ മഴയെയും റോഡിലെ സാഹചര്യങ്ങളെയും കുറ്റപ്പെടുത്താറാണ് പതിവ്. എന്നാൽ അപകടം ഉണ്ടായതിനുള്ള യഥാർത്ഥ കാരണം ഒരു പക്ഷേ വാഹനത്തിന്റ അമിതവേഗതയോ ടയറുകളുടെ കാലപ്പഴക്കമോ നിമിത്തം ഉണ്ടാകുന്ന ഹൈഡ്രോപ്ലെയ്ൻ പ്രതിഭാസം ആയിരിക്കാം.
ഹൈഡ്രോപ്ലെയ്ൻ എങ്ങനെ ഒഴിവാക്കാം
ഹൈഡ്രോപ്ലെയ്ൻ ഒഴിവാക്കുന്നതിനുള്ള മികച്ച മാർഗം ടയറുകളെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നത് തന്നെയാണ്. ടയറുകളിലെ ട്രെഡുകൾ ഹൈഡ്രോപ്ളെയ്ൻ ഒഴിവാക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ടയറുകൾക്കും റോഡുകൾക്കുമിടയിൽ വെള്ളത്തിന്റെ കണികകൾ ആവരണമുണ്ടാക്കുന്നത് തടയുന്നത് ഈ
ട്രെഡുകളാണ്. എന്നാൽ ടയറിന്റെ കാലപ്പഴക്കം അനുസരിച്ച് ഈ ട്രെഡുകളുടെ അളവ് കുറഞ്ഞു വരും. ഇത്തരം ടയറുകളിൽ ഹൈഡ്രോപ്ലെയ്ൻ സാദ്ധ്യത വളരെകൂടുതലാണ്.
ടയറുകളിലെ സമ്മർദ്ദം ശരിയായ അളവിൽ സൂക്ഷിക്കുക എന്നതാണ് മറൊരു പോംവഴി. കഴിവതും വാഹന നിർമാതാക്കൾ നിഷ്ക്കർഷിക്കുന്ന അതേ അളവിലുള്ള സമ്മർദ്ദം തന്നെ ടയറുകളിൽ നിലനിർത്തുക. നിർമാതാക്കൾ പറയുന്നതിലും കൂടിയ സമ്മർദ്ദം ടയറിൽ നിലനിർത്തിയാൽ ടയറിന് റോഡിൽ നിന്നുള്ള ഗ്രിപ്പ് നഷ്ടപ്പെട്ടേക്കാം. സമ്മർദ്ദം കുറവാണെങ്കിൽ ഹൈഡ്രോപ്ളെയ്ൻ പ്രതിഭാസത്തിനും കാരണമായേക്കും. രണ്ടും മഴസമയത്ത് അപകടകരമാണ്.
അമിതവേഗതയുെം ഹൈഡ്രോപ്ളെയ്നിന് വലിയൊരളവ് വരെ കാരണമാകും. വാഹനത്തിന്റെ വേഗത കൂടുന്നത് അനുസരിച്ച് റോഡിൽ നിന്നും വെള്ളം തെറിപ്പിക്കാനുള്ള ടയറുകളുടെ കഴിവിൽ കുറവു വരും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ പോകുന്ന ഒരു വാഹനം തെറിപ്പിക്കുന്ന വെള്ളത്തിന്റെ 30 ശതമാനം മാത്രമേ മണിക്കൂറിൽ 80 കിലോമീറ്ററിനു മേൽ സ്പീഡിൽ പോകുന്ന വാഹനത്തിന് തെറിപ്പിക്കാൻ സാധിക്കുകയുള്ളു. വാഹനത്തിന്റെ വേഗത കൂടുന്നത് അനുസരിച്ച് നിയന്ത്രണം നഷ്ടപ്പെടാനും സാദ്ധ്യത കൂടുതലാണ്.