മാഡ്രിഡ്: മെസി വിട്ടുപോയ ശേഷമുള്ള സീസണിലെ തിരിച്ചടികളിൽ ബുദ്ധിമുട്ടുന്ന ബാഴ്സലോണ വിജയവഴിയിൽ തിരിച്ചെത്തി. ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വലൻസിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. യുവതാരം അൻസു ഫാറ്റി, മെംഫിസ് ഡെപേയ്, ഫിലിപ്പെ കുടീന്യോ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്സലോണയിലെത്തിയ സെർജിയോ അഗ്യൂറോ അരങ്ങേറ്റം കുറിച്ചു.
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ബാഴ്സ വിജയവഴിയിൽ തിരിച്ചെത്തിയത്. ഈ വിജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ടീമിനുള്ളത്. 9 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള റയൽ സോസിഡാഡാണ് പട്ടികയിൽ ഒന്നാമത്. റയൽ മാഡ്രിഡ് രണ്ടാമതും സെവിയ്യ മൂന്നാമതും നിൽക്കുന്നു.