fg

 2014 മുതൽ നികുതി വർദ്ധിച്ചിരുന്നില്ലെങ്കിൽ പെട്രോൾ ഇപ്പോൾ 64 രൂപയ്ക്കും ഡീസൽ 56 രൂപയ്ക്കും വിൽക്കാമായിരുന്നു!

കൊച്ചി: 2008-09ൽ അന്താരാഷ്‌ട്ര ക്രൂഡോയിൽ വില ബാരലിന് ശരാശരി 132 ഡോളറായിരുന്നു. അന്ന് ഇന്ത്യയിൽ പെട്രോളിന് 51 രൂപ. ഡീസലിന് 35 രൂപ. ഇപ്പോൾ ക്രൂഡോയിലിന് 84 ഡോളർ. എന്നാൽ, പെട്രോൾ വിലയുള്ളത് 108.9 രൂപയിൽ (തിരുവനന്തപുരം), ഡീസലിന് 101.67 രൂപ. ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില ഇരട്ടിയിലധികമായി വർദ്ധിച്ചു! എന്താണ് കാരണം?

കേന്ദ്ര-സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതിയുടെ വർദ്ധന തന്നെ!

2014ൽ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി 9.48 രൂപയായിരുന്നു; ഇപ്പോൾ 32.90 രൂപ. ഡീസലിന്റേത് 3.56 രൂപയായിരുന്നത് 31.80 രൂപയിലെത്തി. കേരളം ഈടാക്കുന്ന നികുതി പെട്രോളിന് 27.42 ശതമാനമായിരുന്നത് 30.08 ശതമാനമായി. ഡീസലിന്റെ നികുതി 22.07 ശതമാനത്തിൽ നിന്ന് 22.76 ശതമാനത്തിലുമെത്തി.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതിന് ആനുപാതികമായി, നികുതി കൂട്ടാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിച്ചത്. അതോടെ, ക്രൂഡ് വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കിട്ടാതെയുമായി.

 നികുതി കൂട്ടിയിരുന്നില്ലെങ്കിൽ

പെട്രോളിയം ഉത്‌പന്നങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 2014ലെ നികുതി വർദ്ധിപ്പിച്ചിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു ഇപ്പോൾ പെട്രോൾ, ഡീസൽ വില? ഒരു കണക്ക് നോക്കാം:

പെട്രോൾ

 ഇപ്പോൾ അടിസ്ഥാനവില : ₹38.93

 കേന്ദ്ര എക്‌സൈസ് നികുതി (2014) : ₹9.48

 ഡീലർ കമ്മിഷൻ : ₹2.00

 കേരളത്തിലെ വില്പന നികുതി : ₹13.82

 റീട്ടെയിൽ വില : ₹64.23*

(*ചരക്കുകൂലി പുറമേ. വിലയിൽ പ്രാദേശിക വ്യത്യാസമുണ്ടാകും)

ഡീസൽ

 ഇപ്പോൾ അടിസ്ഥാനവില : ₹41.41

 കേന്ദ്ര എക്‌സൈസ് നികുതി (2014) : ₹3.56

 ഡീലർ കമ്മിഷൻ : ₹1.00

 കേരളത്തിലെ വില്പന നികുതി : ₹10.14

 റീട്ടെയിൽ വില : ₹56.11*

(*ചരക്കുകൂലി പുറമേ. വിലയിൽ പ്രാദേശിക വ്യത്യാസമുണ്ടാകും)

നികുതിയുടെ വിഹിതം

 2014ൽ പെട്രോളിന്റെ അടിസ്ഥാനവില : 66%

 കേന്ദ്ര-സംസ്ഥാന നികുതി : 34%

 2021ൽ അടിസ്ഥാനവില : 42%

 കേന്ദ്ര-സംസ്ഥാന നികുതി : 58%

കേരളത്തിന്റെ കീശ

2014-15ൽ പെട്രോളിയം ഉത്‌പന്ന നികുതിവരുമാനമായി കേരളം നേടിയത് 5,378 കോടി രൂപ. 2019-20ൽ ഇത് 8,704 കോടി രൂപയായി; വർദ്ധന 50.1 ശതമാനം. കേരളം ഈടാക്കുന്ന ഒരു രൂപ അഡിഷണൽ വില്പന നികുതി കൂട്ടാതെയുള്ള വരുമാനമാണിത്.

കേന്ദ്രത്തിന്റെ അക്ഷയപാത്രം

പെട്രോളിയം നികുതിയിലൂടെ കേന്ദ്രസർക്കാർ നേടിയ വരുമാനം

(ലക്ഷം കോടിയിൽ)

 2014-15 : ₹1.7

 2015-16 : ₹2.5

 2016-17 : ₹3.4

 2017-18 : ₹3.4

 2018-19 : ₹3.5

 2019-20 : ₹3.3

 2020-21 : ₹4.6

(2014ൽ നിന്ന് 2021ലേക്ക് എത്തിയപ്പോൾ കേന്ദ്ര നികുതി വരുമാനത്തിലുണ്ടായ വർദ്ധന 164 ശതമാനം. ഇക്കാലയളവിൽ സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനം കൂടിയത് 1.6 ലക്ഷം കോടി രൂപയിൽ നിന്ന് 2.2 ലക്ഷം കോടി രൂപയിലേക്ക്)