kk

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും.വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് അണക്കെട്ട് തുറക്കാന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്.

ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാര്‍പ്പിക്കും.നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറില്‍ 0.993 ഘനയടി വെള്ളമാണ്. ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാല്‍ രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലെത്തും

മഴശക്തമാവുകയാണെങ്കിൽ ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയും അറിയിച്ചിരുന്നു. . നിലവിൽ ഡാമിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്.

2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.നിലവിൽ ഡാമിൽ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നുചേർന്ന ഉന്നത തല യോഗത്തിൽ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.