ram-rahim

ചണ്ഡി​ഗഢ്: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. തന്റെ മുൻ മാനേജർ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ 31 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ​ഗുർമീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതിയെക്കുറിച്ച് പ്രചരിച്ച കത്തിനു പിന്നിൽ ര‍‍ഞ്ജിത് ആണെന്ന സംശയത്തെ തുടർന്നായിരുന്നു ഇയാളെ ​ഗുർമീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.

ഗുർമീതിന് പുറമെ അബ്ദില്‍, കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ് എന്നിവർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ അബ്ദിൽ 1.5 ലക്ഷം രൂപയും കൃഷ്ണനും ജസ്ബീറും 1.25 ലക്ഷം രൂപ വീതവും അവതാർ 75,000 രൂപയും നൽകണം. ഈ തുകയുടെ അമ്പത് ശതമാനം രഞ്ജിത് സിംഗിന്റെ കുടുംബത്തിന് ലഭിക്കും. വിചാരണക്കിടെ ആറാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.

ഈ മാസം ആദ്യമാണ് ഹരിയാനയിലെ പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ച് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 2017 മുതൽ റോത്തക് ജില്ലയിലെ സുനാറിയ ജയിലിൽ കഴിയുന്ന ​ഗുർമീത് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹാജരായത്. മറ്റുള്ളവർ കോടതിയിൽ ഹാജരായിരുന്നു. കോടതി ശിക്ഷ വിധിച്ചതിന് ശേഷം അക്രമ സാദ്ധ്യത കണക്കിലെടുത്ത് പഞ്ച്കുളയിലും സിർസയിലും പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. 2002ൽ ആയിരുന്നു ​ഗുർമീതിന്റെ അനുയായി കൂടിയായ രഞ്ജിത് വെടിയേറ്റു മരിച്ചത്.