google

ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഗൂഗിളിന്റെ പുതിയ സ്‌മാർട്ഫോണുകളായ പിക്‌സൽ 6, പിക്‌സൽ 6 പ്രൊ എന്നിവയുടെ ചിത്രങ്ങൾ പുറത്ത്. പ്രമുഖ അമേരിക്കൻ ബ്ളോഗറും ഫോൺ ലീക്കിംഗിൽ പ്രശസ്‌തനുമായ ഇവാൻ ബ്ളാസാണ് ഇരു ഫോണുകളുടെയും ചിത്രം പുറത്തുവിട്ടത്. വിവിധ നിറങ്ങളിലുള‌ള ഇരു മോഡൽ ഫോണുകളുടെയും ദൃശ്യങ്ങളാണ് ബ്ളാസ് പുറത്തിറക്കിയത്.

ഔദ്യോഗിക ലോഞ്ചിംഗിനു മുൻപ് ഫോൺ വിവരങ്ങൾ പുറത്തുവിടുന്നത് ബ്ളാസ് ഇതിനുമുൻപും ചെയ്‌തിട്ടുള‌ളതാണ്. ഫോണിനെ കുറിച്ച് അറിയേണ്ട പ്രധാന വിവരങ്ങളെല്ലാം ബ്ളാസ് പുറത്തുവിട്ടിട്ടുണ്ട്. പിക്‌സൽ 6ഫോണിനെ സംബന്ധിച്ച വിവരങ്ങളടങ്ങിയ പേജും മുൻപ് ബ്ളാസ് ചോർത്തി പ്രസിദ്ധീകരിച്ചിരുന്നു. ഗൂഗിൾ തന്നെ വികസിപ്പിച്ച ചിപ്പ് ഗൂഗിൾ ടെൻസർ ഫോണിന്റെ മികച്ച പെർഫോമൻസിന് സഹായിക്കുന്നു. ഇന്റർനെറ്റ് ഇല്ലാതെതന്നെ സന്ദേശങ്ങളും വീഡിയോയും ഉപഭോക്താക്കൾക്ക് പരസ്‌പരം കൈമാറാൻ ഇത് സഹായിക്കും.

ടെൻസർ ചിപ്പ് ഫോണിന്റെ പ്രകടനം 80 ശതമാനം മികച്ചതാകാൻ സഹായിക്കും. ആപ്പുകൾ വേഗം ലോഡ് ആകാനും ഗെയിമുകൾ മികച്ച രീതിയിൽ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിക്‌സൽ 5നെക്കാൾ 150 ശതമാനം കൂടുതൽ ലൈറ്റ് പിടിച്ചെടുക്കുന്ന 50 മെഗാപിക്‌സൽ ക്യാമറയാണ് പിക്‌സൽ6ന്. വലിയ സെൻസറിന്റെ സഹായത്തോടെയാണിത്.

മാജിക് എറേസർ എന്ന ഫീച്ചറുള‌ള ക്യാമറയാണ് പിക്‌സൽ6ന്. ഇതിലൂടെ അനാവശ്യമായ വസ്‌തുക്കളെ ഫോട്ടോയിൽ നിന്ന് നീക്കാൻ കഴിയും. എന്നാൽ ഫോണിന്റെ ബാറ്ററി ശക്തി എത്രയാണെന്ന് വ്യക്തമായിട്ടില്ല. പിക്‌സൽ 6നും പിക്‌സൽ6 പ്രോയ്‌ക്കും 6.4 ഇഞ്ച് സ്‌മൂത്ത് ഡിസ്‌പ്ളെയാണ്. മികച്ച സ്‌ക്രാച് റെസിസ്‌റ്റൻസുള‌ള ഗൊറില്ല ഗ്ളാസാണിതിന്. പൊടിമൂലമോ വെള‌ളം കൊണ്ടോ ഉള‌ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതാണിത്.