dam

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാൽ പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകൾ അൽപ സമയത്തിനകം ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതിനാൽ രാത്രി 10 മണിയോടെ ഒന്നും നാലും ഷട്ടറുകൾ അഞ്ച് സെന്റീമീ‌റ്റർ വീതവും നാളെ പുലർച്ചെ നാലിന് 30 സെന്റീമീ‌റ്റർ കൂടി ഷട്ടറുകൾ ഉയ‌ർത്തുമെന്നാണ് മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരുന്നതിനാൽ സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. തലസ്ഥാനത്ത് നഗര ഭാഗങ്ങളിൽ ഇന്ന് കാര്യമായ മഴയുണ്ടായില്ലെങ്കിലും വനമേഖലയിൽ മഴ സാഹചര്യത്തിൽ കുറവില്ല. നിലവിൽ നെയ്യാർ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ കരമനയാറിനോടും വാമനപുരം നദിയോടും ചേർന്ന പലയിടത്തും വെള‌ളപ്പൊക്കമുണ്ടായി.

ജലനിരപ്പ് വർദ്ധിച്ചതിനാൽ പമ്പ, ഇടമലയാർ, ഇടുക്കി അണക്കെട്ടുകളും തുറക്കുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുന്ന ഇടങ്ങളിൽ ജനങ്ങളെ മാറ്രി താമസിപ്പിക്കാനും നടപടിയായി. ഇവിടങ്ങളിൽ രാത്രിയാത്ര വേണ്ടെന്ന് മുന്നറിയിപ്പ് നൽകി.