bank

മുംബയ്: റെഗുലേ‌റ്ററി നിയമത്തിലെ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് എസ്.ബി.ഐയ്‌ക്ക് ഒരു കോടി രൂപയുടെ പിഴ ശിക്ഷ ചുമത്തി റിസർവ് ബാങ്ക്. 2016ലെ റിസർവ് ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പുകളുടെ വർഗീകരണവും റിപ്പോർട്ടിംഗും സംബന്ധിച്ച ചട്ടമനുസരിച്ചുള‌ള നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതിനാണ് ബാങ്കിന് പിഴശിക്ഷ നൽകിയത്.ബാങ്കിംഗ് റെഗുലേറ്ററി ആക്ട് 1949, ചട്ടം 47എ(1)(സി), 46(4)(ഐ), 51(1) എന്നിവയനുസരിച്ചാണ് ശിക്ഷ. ഏതെങ്കിലും ഇടപാടുകാരുമായി ബന്ധപ്പെട്ടല്ല ഈ നടപടിയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

ബാങ്കിലെ ഒരു അക്കൗണ്ടിൽ നടത്തിയ പരിശോധനയും, ആ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ടും ആർബിഐയ്‌ക്ക് കൈമാറുന്നതിൽ ബാങ്ക് കാലതാമസം വരുത്തിയെന്ന് ആ‌ർബിഐ കണ്ടെത്തി. അക്കൗണ്ടിലെ തിരിമറിയിൽ പിഴശിക്ഷ ഈടാക്കാതിരിക്കാനുള‌ള കാരണവും ചോദിച്ചു. ഇതിൽ ബാങ്കിന്റെ മറുപടി ലഭിച്ച ശേഷമാണ് റിസർവ് ബാങ്ക് പിഴശിക്ഷ വിധിച്ചത്.

ഈവർഷം ആദ്യവും റെഗുലേറ്ററി നിയമങ്ങൾ പാലിക്കാത്തതിന് ബാങ്കിന് രണ്ട് കോടി രൂപയുടെ പിഴശിക്ഷ റിസ‌ർവ് ബാങ്ക് നൽകിയിരുന്നു. മാർച്ച് 15നാണ് ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഉത്തരവിട്ടത്.