ദോഹ: മയക്കുമരുന്നുകൾക്ക് അടിമകളായവർ അതിനെതിരെ ചികിത്സയ്‌ക്ക് തയ്യാറായാൽ ക്രിമിനൽ കേസ് എടുക്കില്ലെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം. 'ലഹരിയും പ്രതിരോധ രീതികളും' എന്ന പേരിൽ ആഭ്യന്തരമന്ത്രാലയം നടത്തിയ വെബിനാറിൽ രാജ്യത്തെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്‌ടറേറ്റിലെ മാദ്ധ്യമ ബോധവത്‌കരണ വിഭാഗം ഉദ്യോഗസ്ഥൻ ഫസ്‌റ്റ് ലെഫ്‌റ്റനന്റ് അബ്‌ദുളള ഖാസിമാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരക്കാരുടെ ചികിത്സയ്‌ക്ക് രാജ്യത്തെ നിയമ വ്യവസ്ഥ നല്ല പരിഗണന നൽകും. പക്ഷെ ലഹരി വസ്‌തുക്കൾ ഉപയോഗിച്ചവർ അക്കാര്യം മറച്ചുവച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. ഒരു വർഷം തടവോ, 10000 റിയാൽ പിഴയോ ആണിത്. ലഹരി ഉപയോഗിക്കുന്നയിടത്ത് നിന്നും പിടികൂടുന്നവർക്കാകട്ടെ 5000 റിയാലിൽ കുറയാതെ പിഴയും ആറ് മാസം തടവോ ലഭിക്കും. മരുന്നുകളുമായി യാത്ര ചെയ്യുന്നവർ ശിക്ഷ ഒഴിവാക്കാൻ നിരോധിത മരുന്നുകൾ കൈവശമില്ലെന്ന് ഉറപ്പാക്കണം. പ്രവാസി സമൂഹത്തിന്റെ നന്മയ്‌ക്കായി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്‌ടറേറ്റുമായി ചേർന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം വെബിനാർ സംഘടിപ്പിച്ചത്.